സംസ്ഥാനത്ത് വായിലെ ക്യാൻസർ വർധിക്കുന്നു; ലോകത്തിലെ മൂന്നിലൊന്ന് രോഗികൾ ഇന്ത്യയിൽ

കോഴിക്കോട്: സംസ്ഥാനത്ത് വായിലെ ക്യാൻസർ ബാധിതരുടെ എണ്ണം വർധിക്കുന്നു. മൊത്തം ക്യാൻസർ ബാധിതരിൽ പത്ത് ശതമാനം വായ ക്യാൻസർ ബാധിച്ചവരാണെന്നാണ് കണക്ക്.

ദേശീയ ശരാശരിയുടെ 10.8 ശതമാനമാണിത്. സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ കൂടുതൽ വായ ക്യാൻസർ ബാധിതരെ കണ്ടെത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം നെടുമങ്ങാട് ഗവ. ആശുപത്രിയിലെ ദന്തവിഭാഗം മേധാവി ഡോ. മിലി ജെയിംസ് പറഞ്ഞു.

ലോകത്തെ വായിലെ ക്യാൻസർ ബാധിതരിൽ മൂന്നിലൊന്ന് ഇന്ത്യയിലാണെന്നാണ് കണക്ക്. ഉത്തരേന്ത്യയിലും മറ്റും പുകയില, പാൻപരാഗ് ഉപയോഗം വർധിച്ച സാഹചര്യത്തിലാണിത്. വായക്കകത്ത് വെളുത്ത പാടുകൾ, പല്ലുകൾ ഉരഞ്ഞുപൊട്ടിയുണ്ടാകുന്ന ഉണങ്ങാത്ത മുറിവ്, ഉണങ്ങാത്ത വായ്പ്പുണ്ണ് എന്നിവയാണ് ലക്ഷണങ്ങൾ. കവിൾ, നാക്ക്, നാക്കിന്റെ അടിഭാഗം, തൊണ്ട, പല്ലിന്റെ ഊൻ എന്നിവിടങ്ങളിലാണ് ഇത്തരം ക്യാൻസർ കൂടുതലായി കാണുന്നുണ്ട്.

മറ്റ് അവയവങ്ങളെ അപേക്ഷിച്ച് വായയിലെ ക്യാൻസർ പെട്ടെന്ന് തലച്ചോറിലേക്ക് ബാധിക്കുമെന്നതാണ് പ്രത്യേകത. നാക്കിന്റെ അടിവശം ഏറ്റവും കൂടുതൽ രക്തയോട്ടമുള്ള ഭാഗമാണ്. ഇവിടെ ബാധിച്ചാൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അണുബാധ പടരാനിടയുണ്ട്. പാൻപരാഗ് ഉപയോഗിക്കുന്നവർക്ക് നാക്കിന്റെ അടിയിലെ ക്യാൻസറിന് സാധ്യത കൂടുതലാണ്.

രാത്രി ജോലി ചെയ്യുന്നവർ ഉറക്കം വരാതിരിക്കാൻ വേണ്ടി പുകയില നാക്കിന്റെ അടിയിൽ വെക്കുന്നത് രോഗം ക്ഷണിച്ചു വരുത്തുന്നതാണെന്ന് ഡോ. മിലി ജെയിംസ് പറഞ്ഞു. കേരളത്തിൽ ഒരു ലക്ഷം പേരിൽ 243 പുരുഷന്മാർക്കും 219 സ്ത്രീകൾക്കും രോഗം പിടിപെടുന്നുണ്ടെന്നാണ് കണക്ക്. വായ്പുണ്ണ് പിടിപെടുന്നവർ ധാരാളമാണ്.

വായ്പുണ്ണ് ദീർഘകാലം നിലനിൽക്കുകയാണെങ്കിൽ ശ്രദ്ധിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. പേസ്റ്റിൽ നിന്നുണ്ടാകുന്ന അലർജി, ഹോർമോൺ വ്യതിയാനം, വെയിൽ കൊള്ളുമ്പോൾ, പരീക്ഷയടക്കമുള്ള ടെൻഷൻ, വൈറ്റമിൻ ബിയുടെയും മറ്റും കുറവ് കാരണവും വായ്പ്പുണ്ണ് ഉണ്ടാകും. ഈ കാരണങ്ങളിൽ ഏത് കൊണ്ടാണ് വായ്പുണ്ണ് ഉണ്ടാകുന്നതെന്ന് കണ്ടെത്താൻ ഡോക്ടറുടെ സഹായം തേടുകയും ഏത് തരം അലർജിയാണെന്ന് സ്വയം നിരീക്ഷിക്കുകയും വേണമെന്ന് ഡോക്ടർമാർ പറയുന്നു.