കൊടുങ്ങല്ലൂർ: കയ്പമംഗലം, കൊടുങ്ങല്ലൂർ നിയോജകമണ്ഡലങ്ങളിൽ നിലവിലുള്ള എം.എൽ.എ.മാരുടെ പേരുകൾ ഒഴിവാക്കി എൽ.ഡി.എഫിലെ സി.പി.ഐ. സ്ഥാനാർഥിപ്പട്ടിക. രണ്ടുതവണ തുടർച്ചയായി വിജയിച്ചവരുടെ പേര് പറയേണ്ടതില്ലെന്ന ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്നാണിത്.
വെള്ളിയാഴ്ച വൈകീട്ട് ജില്ലാസെക്രട്ടറി കെ.ജി. ശിവാനന്ദന്റെ സാന്നിധ്യത്തിൽച്ചേർന്ന രണ്ട് മണ്ഡലംകമ്മറ്റിയോഗങ്ങളിലുമാണ് തീരുമാനം. കയ്പമംഗലത്ത് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച എൽ.ഡി.എഫിലെ ഇ.ടി. ടൈസന്റെയും കൊടുങ്ങല്ലൂരിൽ വി.ആർ. സുനിൽകുമാറിന്റെയും പേരുകളാണ് ഒഴിവാക്കിയത്. ഇവർ വീണ്ടും മത്സരിക്കണോയെന്നത് ഇനി സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് തീരുമാനിക്കുക.
കയ്പമംഗലത്ത് ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, മുൻ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, ഷീലാ വിജയകുമാർ, കെ.എസ്. ജയ എന്നിവരുടെ പേരുകളടങ്ങുന്ന പട്ടികയാണ് ജില്ലാക്കമ്മിറ്റിക്ക് നൽകിയിട്ടുള്ളത്. ഇതിൽനിന്ന് ജില്ലാ എക്സിക്യൂട്ടിവ് ചർച്ചചെയ്ത് ഒന്നോ രണ്ടോ പേരുകളാക്കി ചുരുക്കി സംസ്ഥാനക്കമ്മിറ്റിക്ക് കൈമാറും.
കൊടുങ്ങല്ലൂർ മണ്ഡലംകമ്മിറ്റിയും മൂന്നംഗപ്പട്ടികയാണ് നൽകിയത്. ജില്ലാസെക്രട്ടറി കെ.ജി. ശിവാന്ദന്റെ പേര് ഇവിടെയും പരിഗണനയിലുണ്ട്. സംസ്ഥാനകൗൺസിൽ അംഗവും അഖിലേന്ത്യാ കിസാൻസഭ സെക്രട്ടറിയുമായ കെ.വി.വസന്തകുമാർ, മുൻ നഗരസഭാ ചെയർമാനും ജില്ലാ നിർവാഹകസമിതിയംഗവുമായ സി.സി. വിപിൻ ചന്ദ്രൻ എന്നിവരാണ് മറ്റു രണ്ടുപേർ.
