ദുബായ്: സംഘർഷഭരിതമായ മേഖലകളിലൂടെ വിമാനങ്ങൾ പറത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എയർ ഇന്ത്യ തള്ളി. രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് സർവീസുകൾ നടത്തുന്നതെന്നും നിരോധിക്കപ്പെട്ട ആകാശപാതകളിലൂടെ എയർ ഇന്ത്യ വിമാനങ്ങൾ സഞ്ചരിച്ചിട്ടില്ലെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ യാത്രക്കാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. തത്സമയ വിവരങ്ങളും രാജ്യാന്തര ഏവിയേഷൻ ഏജൻസികളുടെ നിർദേശങ്ങളും കർശനമായി പാലിച്ചാണ് ഓരോ സർവീസും പ്ലാൻ ചെയ്യുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും കമ്പനി അറിയിച്ചു.
∙ യാത്രക്കാർക്ക് സൗജന്യ റീ-ഷെഡ്യൂളിങ്, റീഫണ്ട്
മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാത്രക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 28-നോ അതിന് മുൻപോ ബുക്ക് ചെയ്ത, മാർച്ച് 10 വരെയുള്ള യാത്രകൾക്ക് (മിഡിൽ ഈസ്റ്റ്, യുകെ, യൂറോപ്പ് സെക്ടറുകൾ) സൗജന്യമായി തീയതി മാറ്റാനോ ടിക്കറ്റ് തുക പൂർണമായും തിരികെ വാങ്ങാനോ സാധിക്കും.
യുഎഇ ഉൾപ്പെടെയുള്ള ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരികെ എത്തിക്കുന്നതിനായി ദുബായ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ പ്രത്യേക സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. പെരുന്നാൾ തിരക്ക് കൂടി കണക്കിലെടുത്ത് യാത്രക്കാരുടെ സൗകര്യാർത്ഥം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എയർ ഇന്ത്യ അറിയിച്ചു.





