റിയാദ്: നിർത്തിയിട്ടിരുന്ന വാഹനത്തിൽ പ്രവാസി ഇന്ത്യാക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുനെൽവേലി സ്വദേശി വെള്ളദുരൈ (66) ആണ് റിയാദിൽ മരിച്ചത്.
പതിവ് സമയമായിട്ടും കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരിക്കാതായതോടെ സ്ഥിരമായി വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്തെത്തി അന്വേഷിക്കുകയായിരുന്നു.
തിരച്ചിൽ നടത്തുമ്പോഴാണ് ഡൈന മിനിവാനിന്റെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സുഹൃത്തുക്കൾ ഉടൻ തന്നെ കെഎംസിസി പ്രവർത്തകരെ വിവരം അറിയിച്ചു മരണാനന്തര നടപടികൾക്കായി വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സഹായവുമായി രംഗത്തെത്തി.
കെഎംസിസി പ്രവർത്തകരുടെ സഹകരണത്തോടെ സ്ഥലത്തെത്തിയ റെഡ് ക്രസന്റ് അധികൃതർ മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു
ഏറെ വർഷങ്ങളായി പ്രവാസിയായ വെള്ളദുരൈയുടെ മാതാപിതാക്കളും ഭാര്യയും നേരത്തെ മരിച്ചതാണ്. സുദലൈമണിയാണ് ഏക മകൻ. മരണാനന്തര സഹായങ്ങൾക്കും നിയമനടപടികൾ പൂർത്തീകരിക്കുന്നതിനും വെൽഫെയർ വിങ്ങ് റിയാദ് കെഎംസിസി ചെയർമാൻ റഫീഖ് പുല്ലൂർ, വെൽഫയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കൺവീനർ റിയാസ് തിരൂർക്കാട്, ഉമ്മർ അമാനത്ത്, നസീർ കണ്ണീരി എന്നിവരുടെ നേതൃത്വത്തിലാണ് വെൽഫെയർ വിങ്ങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി എന്നിവർ രംഗത്തുണ്ട്. സംസ്കാരം പിന്നീട്.
