തവനൂരിൽ ജലീൽ, കുന്നംകുളത്ത് മൊയ്തീൻ; തലശേരിയിൽ കാരായി രാജൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ കരുത്തരെ തന്നെ അണിനിരത്തി ഭരണം നിലനിർത്താന്‍ ഇടതുമുന്നണി. മലപ്പുറത്തെ തവനൂർ നിലനിർത്താൻ കെ.ടി. ജലീലിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. സമാനമായ രീതിയിൽ തൃശൂർ ജില്ലയിലെ കുന്നംകുളത്ത് എ.സി. മൊയ്തീനെ നാലാം തവണയും മത്സരരംഗത്തിറക്കാൻ സി.പി.എം ആലോചിക്കുന്നു. ഇന്നത്തെ സെക്രട്ടറിയേറ്റില്‍ അന്തിമതീരുമാനം വന്നേക്കും. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന നിര്‍ണായക ഇടതുമുന്നണിയോഗത്തില്‍  സീറ്റ് വിഭജനം അന്തിമമായേകും. 

തവനൂരിൽ കെ.ടി. ജലീലിന്റെ ജനസ്വാധീനം ഗുണകരമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. കുന്നംകുളത്ത് വിജയസാധ്യത നിലനിർത്താൻ എ.സി. മൊയ്തീൻ അനിവാര്യമാണെന്ന നിലപാടിലേക്കാണ് പാർട്ടി എത്തിയിരിക്കുന്നത്. പരിചയസമ്പന്നരായ നേതാക്കളെ മാറ്റിനിർത്തുന്നത് തിരിച്ചടിയായേക്കാം എന്ന നിഗമനത്തിലാണ് ഈ തീരുമാനം. 
നിലവില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡലമായ തലശേരിയിൽ കാരായി രാജനെയാണ് പരിഗണിക്കുന്നത്. കായംകുളത്ത് സിറ്റിംഗ് എം.എൽ.എ യു. പ്രതിഭ തന്നെ വീണ്ടും മത്സരിച്ചേക്കും.

ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തലയെ നേരിടാൻ യുവനേതാവിനെ തന്നെ രംഗത്തിറക്കാനാണ്  സി.പി.ഐയുടെ തീരുമാനം. എ.ഐ.വൈ.എഫ് (AIYF) സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോനെയാണ് സ്ഥാനാർഥിയായി നിശ്ചയിച്ചിരിക്കുന്നത്.  അന്തിമ ധാരണ ഇന്നത്തെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലുണ്ടായേക്കും.