ദുബൈ: യു എ ഇ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട 132 മിസൈലുകളും 195 ഡ്രോണുകളും തകർത്തതായി യു എ ഇ പ്രതിരോധ മന്ത്രാലയം. മേഖലയിൽ ഇറാൻ പ്രത്യാക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്. ആകാശത്ത് വെച്ച് മിസൈലുകൾ തകർക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണ് യു എ ഇയിൽ ഒരാൾ കൊല്ലപ്പെടുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
മിസൈലുകൾ തകർക്കുന്നതിനിടെ അവശിഷ്ടങ്ങൾ പതിച്ച് ദുബായിലെ ജബൽ അലി തുറമുഖത്തെ ഒരു ബർത്തിൽ തീപിടുത്തമുണ്ടായി. മധ്യപൂർവദേശത്തെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായ ഇവിടെയുണ്ടായ തീ അണയ്ക്കാൻ സിവിൽ ഡിഫൻസ് വിഭാഗം തീവ്രശ്രമം തുടരുകയാണെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇതിനൊപ്പം 2021-ൽ ഇതേ തുറമുഖത്തുണ്ടായ പഴയ തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അത് തെറ്റായ വിവരങ്ങൾ നൽകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സ്ഫോടനം റിപ്പോർട്ട് ചെയ്ത പാം ജുമൈറയ്ക്ക് തൊട്ട് തെക്ക് ഭാഗത്താണ് ജബൽ അലി പോർട്ട് സ്ഥിതി ചെയ്യുന്നത്.
ഇറാൻ നടത്തിയ ആക്രമണത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (DXB) ഒരു ഭാഗത്തിന് നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചു. Interna സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായും അവർക്ക് വൈദ്യസഹായം നൽകിയതായും മീഡിയ ഓഫീസ് അറിയിച്ചു. മുൻകൂട്ടി തയ്യാറാക്കിയ സുരക്ഷാ പദ്ധതികളുടെ ഭാഗമായി ഭൂരിഭാഗം ടെർമിനലുകളിൽ നിന്നും യാത്രക്കാരെ നേരത്തെ തന്നെ മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി.





