ഇറാന്‍-ഇസ്രയേല്‍ സഘർഷം: മലയാളികള്‍ക്കായി ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ച് നോർക്ക

0
17

തിരുവനന്തപുരം: ഇറാന്‍, ഇസ്രയേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു.

സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.

അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ അടിയന്തരമായി പാലിക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പല രാജ്യങ്ങളും അവരുടെ പൗരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിരിക്കുമ്പോള്‍ ചില അതീവസൂക്ഷ്മ പ്രദേശങ്ങളിലേക്ക് യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഘര്‍ഷസാധ്യത ഉയര്‍ന്ന സാഹചര്യത്തില്‍ വിദേശത്ത് കഴിയുന്ന മലയാളികള്‍ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

അതേസമയം, ഇറാന്റെ തിരിച്ചടിയില്‍ ഇസ്രയേലി പൗരന് പരിക്കേറ്റും. വടക്കന്‍ ഇസ്രയേലിലെ ഒമ്പത് നില കെട്ടിടത്തെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണത്തിലാണ് അമ്പതുകാരന് പരിക്കേറ്റത്. ഇറാന്‍ മിസൈലുകളെ ഇസ്രയേല്‍ പ്രതിരോധിച്ചെങ്കിലും തകർന്നുവീണ മിസൈലിന്‍റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് ഇയാള്‍ക്ക് പരിക്കേറ്റതെന്നാണ് ഇസ്രയേലിന്റെ ചാനല്‍ 12 ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ ഒരു കെട്ടിടം പൂര്‍ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എംഡിഎ പാരാമെഡിക്കുകളും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്മാരുടെയും സേവനം ആക്രമണമേഖലകളില്‍ ലഭ്യമാണ്.