റിയാദ്: റമദാനിൽ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ വിപുലമായ ഇഫ്താർ, ഈത്തപ്പഴ വിതരണ പദ്ധതികളുമായി സഊദി അറേബ്യ. മലേഷ്യ, റൊമാനിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ് സഊദി അറേബ്യയുടെ ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾക്ക് തുടക്കമാകുക.
വിവിധ രാജ്യങ്ങളിൽ നിന്നാണ് സഊദിയ്ക്ക് പ്രശംസകൾ ലഭിക്കുന്നത്. മലേഷ്യയിലെ ക്വാലാലംപൂരിലെ തുവങ്കു മിസാൻ സൈനൽ ആബിദീൻ മസ്ജിദിൽ നടന്ന ചടങ്ങിൽ മലേഷ്യൻ മതകാര്യ മന്ത്രി സുൽക്കിഫ്ലി ഹസൻ സഊദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു.
തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതീകമാണ് ഈ പദ്ധതികളെന്നും അദ്ദേഹം എടുത്ത് പറഞ്ഞു. ബൊസ്നിയ ഹെർസഗോവിനയിലെ സഊദി എംബസിയുടെ മേൽനോട്ടത്തിൽ റൊമാനിയയിലെ ബുക്കാറെസ്റ്റിലും സൽമാൻ രാജാവിന്റെ ഈത്തപ്പഴ വിതരണ പദ്ധതിക്ക് തുടക്കമായി. അഞ്ച് ടൺ പ്രീമിയം ഈത്തപ്പഴമാണ് റൊമാനിയയിലെ വിവിധ നഗരങ്ങളിലായി വിതരണം ചെയ്യുന്നത്.
120 രാജ്യങ്ങളിൽ ഈത്തപ്പഴ വിതരണ പദ്ധതിയും 70 രാജ്യങ്ങളിൽ ഇഫ്താർ വിരുന്നും സഊദി വിജയകരമായി നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കിടയിൽ ഐക്യദാർഢ്യത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങൾ വളർത്തുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഇത്തരം പ്രവർത്തനങ്ങൾ നടപ്പിലാക്കികൊണ്ടിരിക്കുന്നത്.
