ഡല്‍ഹിയില്‍ പിടിയിലായത് ലഷ്കറിന്‍റെ സ്ലീപ്പല്‍ സെല്ലുകള്‍; ലക്ഷ്യമിട്ടത് രാജ്യവ്യാപക ആക്രമണം

0
53
Security tightened around Red Fort after an alert over a suspected Lashkar-e-Taiba Plot

ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ബംഗ്ലദേശികള്‍ ലക്ഷ്യമിട്ടത് രാജ്യവ്യാപക ആക്രമണമെന്ന് റിപ്പോര്‍ട്ട്. അറസ്റ്റിലായ എട്ടുപേരില്‍നിന്നും വിവിധ ക്ഷേത്രങ്ങളുടെ വിഡിയോകള്‍ കണ്ടെത്തി. പിടിയിലായവരെ ലഷ്കറെ തയിബയുടെ സ്ലീപ്പല്‍ സെല്ലുകളെന്നാണ് അന്വേഷണ സംഘം വിശേഷിപ്പിക്കുന്നത്.

തമിഴ്നാട്ടിൽനിന്ന് ആറും ബംഗാളില്‍നിന്ന് രണ്ടുപേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഷ്കറെ തയിബയെന്ന പാക് ഭീകരസംഘടനയുടെ മേധാവി ഹഫീസ് സയിദുമായി നേരിട്ട് ബന്ധമുള്ള മറ്റൊരു ഭീകരനാണ് എട്ടംഗ സംഘത്തിന്‍റെ തലവന്‍. നിലവില്‍ ബംഗ്ലദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കശ്മീർ സ്വദേശി ഷബീര്‍ അഹമ്മദ് ലോണാണ്, പുത്തന്‍ ബംഗ്ലദേശ് ഭീകര മൊഡ്യൂളിന്‍റെ മേധാവി. 

സ്ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാൻ സംഘത്തിന് നിര്‍ദേശം നല്‍കിയതും ഷബീര്‍ അഹമ്മദ് ലോണ്‍ തന്നെയായിരുന്നു. ആധാര്‍ കാര്‍ഡുകളടക്കം രേഖകള്‍ വ്യാജമായി സംഘടിപ്പിച്ച് സംഘത്തെ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് അയച്ചു. എട്ടുപേരെയും ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ വിശദമായി ചോദ്യംചെയ്യുന്നത് തുടരുകയാണ്. ചിലരുടെ മൊബൈല്‍ഫോണുകളില്‍നിന്ന് ക്ഷേത്രങ്ങളുടെ വിഡിയോകള്‍ കണ്ടെത്തി. 

ഡല്‍ഹിയില്‍ ജന്‍പഥ് അടക്കം മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ പതിപ്പിച്ച പോസ്റ്ററുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംഘത്തെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. അതിനിടെ, ഡല്‍ഹിയില്‍ നിലനില്‍ക്കുന്ന ലഷ്കര്‍ ആക്രമണ ഭീഷണിയുടെ അടിസ്ഥാനത്തില്‍ ചെങ്കോട്ടയടക്കം ചരിത്രസ്മാരകങ്ങളിലും ആരാധനലായങ്ങളിലും ജാഗ്രത തുടരുകയാണ്.