സ്വകാര്യ ഭാഗത്ത് സാനിറ്റൈസര്‍ ഒഴിച്ച് കത്തിച്ചു; ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിക്കെതിരെ ഞെട്ടിക്കുന്ന പീഡനം

0
69

ത്രിപുര: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ പത്തൊമ്പതുകാരന്‍ അറസ്റ്റില്‍. സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേറ്റ പത്തൊമ്പതു വയസ്സുള്ള പെണ്‍കുട്ടി ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സ്വകാര്യ ഭാഗത്ത് സാനിറ്റൈസര്‍ ഒഴിച്ച് യുവാവ് തീകൊളുത്തിയെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. ത്രിപുര സ്വദേശിയാണ് പെണ്‍കുട്ടി. ശിവം എന്ന യുവാവിനെതിരെയാണ് പരാതി. ലോഹക്കുപ്പി കൊണ്ട് തലയ്ക്കടിച്ചെന്നും കത്തിയുമായി ആക്രമിക്കാന്‍ വന്നുവെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി പറയുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ ഗുരുഗ്രാം പൊലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മൂന്ന് ദിവസം തുടര്‍ച്ചയായി പീഡനങ്ങള്‍ തുടര്‍ന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഗുരുഗ്രാമില്‍ ബയോടെക്‌നോളജി വിദ്യാര്‍ഥിയാണ് പരാതിക്കാരി.

2025 സെപ്റ്റംബറിലാണ് പെണ്‍കുട്ടിയും യുവാവും ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെടുന്നത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ശിവത്തിനൊപ്പം പെണ്‍കുട്ടി താമസം ആരംഭിച്ചു. വിവാഹവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. രണ്ട് പേരുടേയും കുടുംബങ്ങളും വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പെണ്‍കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. രക്ഷിക്കണമെന്ന് പറഞ്ഞാണ് മകള്‍ ഫോണ്‍ ചെയ്തതെന്ന് അമ്മ പറയുന്നു. ശിവത്തിനൊപ്പമാണ് മകള്‍ താമസിച്ചിരുന്നത് എന്ന് അറിയില്ലായിരുന്നുവെന്നും അമ്മ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം ഗുരുഗ്രാമിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് കൊണ്ടുപോയത്. ഇവിടെ നിന്ന് എയിംസിലേക്കും പിന്നീട് സഫ്ദര്‍ജങ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ സാരമായ പരിക്കുകള്‍ പെണ്‍കുട്ടിക്ക് ഉണ്ടെന്നാണ് മനസിലാക്കുന്നതെന്ന് പൊലീസ് അറയിച്ചു.