തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിൽ തർക്കം. പൊലീസ് ഉദ്യോഗസ്ഥനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതിൽ പ്രമേയം അവതരിപ്പിക്കുന്നതിനിടെ ഒരു വിഭാഗം എതിർത്തതാണ് വാക്കുതർക്കത്തിന് കാരണം. തിരുവനന്തപുരത്തെ ഷോപ്പിങ്ങ് മാളിൽ വെച്ച് സിപിഒ മിഥുൻ റോയിക്കാണ് എസ്എഫ്ഐ പ്രവർത്തകരുടെ മർദനമേറ്റത്.
മിഥുൻ ഇടിവള ഉപയോഗിച്ച് തിരിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് സേനക്കുള്ളിൽ അമർഷം ഉണ്ടാക്കിയിരുന്നു. പിന്നാലെയാണ് അസോസിയേഷൻ സമ്മേളനത്തിൽ വാക്കുതർക്കം ഉണ്ടായത്. അസോസിയേഷൻ്റെ തിരുവനന്തപുരം സിറ്റി സമ്മേളനത്തിലും സമാന വിഷയത്തിൽ വാക്കേറ്റം ഉണ്ടായിരുന്നു.
പൊലീസുകാരനെ മാളിൽ വച്ച് മർദിച്ചെന്ന കേസിൽ വിനയ്, സുർജിത് എന്നീ എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിലായിരുന്നു. കഴിഞ്ഞ പുതുവത്സര ആഘോഷത്തിനിടയിൽ ശംഖുമുഖത്തെ മർദനത്തിൻ്റെ പ്രതികാരമായാണ് നന്ദാവനം എആർ ക്യാംപിലെ സിപിഒ ആയ മിഥുൻ റോയിയെ എസ്എഫ്ഐ പ്രവർത്തകർ പിന്തുടർന്നെത്തി ആക്രമിച്ചത്. സംഭവത്തിൽ എസ്എഫ്ഐക്കാർക്കെതിരെ പേട്ട പൊലീസ് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയതും മിഥുനും യുവതിക്കുമെതിരെ വഞ്ചയൂർ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതും സേനയിൽ കടുത്ത അമർഷത്തിന് വഴിവെച്ചിരുന്നു.
പൊലീസുകാരന് എതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതിൽ എസിപിയോട് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് തേടുകയും ചെയ്തു. ഇരുകൂട്ടരിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനെന്ന് പരിശോധിക്കുമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക് അറിയിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെതിരെ മുൻപ് പരാതി ലഭിച്ചിട്ടുണ്ടെന്നും അത് വിശദമായി പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ നേരത്തെ വ്യക്തമാക്കിയിരുന്നു.





