ശസ്ത്രക്രിയക്കിടെ ഉഷ ജോസഫിന്റെ വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുത്തു

0
61

കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഉഷ ജോസഫിന്റെ വയറ്റിലെ കത്രിക പുറത്തെടുത്തു. അമൃത ആശുപത്രിയിലെയും എറണാകുളം മെഡിക്കൽ കോളേജിലെയും ഡോക്ടർമാർ സംയുക്തമായി നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് വയറ്റിലുണ്ടായിരുന്ന കത്രിക വിജയകരമായി പുറത്തെടുത്തത്. അമൃത ആശുപത്രിയിൽ വെച്ചായിരുന്നു ശസത്രക്രിയ. ഉഷയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത കത്രിക അമ്പലപ്പുഴ പോലീസിന് കൈമാറി.

സംഭവത്തിൽ ഉഷയുടെ ഭർതൃസഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികയെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഉഷയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ ഡോ. ഷാഹിദയെ ഇതുവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രഫസറായ ഡോ. ഷാഹിദയെയും ഗ്രേഡ് വൺ നഴ്സ് ധന്യ പി എസിനെയും അന്വേഷണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

2021 മെയ് മാസത്തിലാണ് ഉഷ ജോസഫ് വണ്ടാനം മെഡിക്കൽ കോളേജിൽ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയയായത്. അന്നുമുതൽ കഠിനമായ ശാരീരിക വേദന അനുഭവിച്ചിരുന്നതായി ഉഷ പറഞ്ഞു. മൂത്രത്തിലൂടെ രക്തം വരാൻ തുടങ്ങിയതോടെ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ആദ്യം മൂത്രസഞ്ചിയിൽ കല്ലാണെന്ന് കരുതിയെങ്കിലും എക്സ്റേ പരിശോധനയിൽ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ കാരണം ജോലിക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഉഷ.