- വിവാഹത്തിനെത്തിയ ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് കള്ളനെ കണ്ടുപിടിച്ചത്
വിവാഹത്തിനെത്തിയ അതിഥിയാണെന്ന് നടിച്ച് സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ് കള്ളൻ. ജയ്പൂരിലാണ് സംഭവം. വിവാഹവിരുന്ന് നടക്കവേ വധുവും വരനും നിൽക്കുന്ന അതേ വേദിയിൽ കയറിയാണ് മോഷണം നടത്തിയത്. നാല് ലക്ഷം രൂപയോളം മൂല്യം വരുന്ന സ്വർണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്.
വിവാഹത്തിനെത്തിയ ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് കള്ളനെ കണ്ടുപിടിച്ചത്. ഫെബ്രുവരി 7 ന് ജഗത്പുരയിലെ ചന്ദൻ വൺ മാര്യേജ് ഗാർഡനിലാണ് സംഭവം നടന്നത്.
നവീൻ കരോൾ എന്ന യുവാവിന്റെ വിവാഹച്ചടങ്ങുകൾ അവിടെ നടന്നുകൊണ്ടിരിക്കുകയായിരുന്നു. വേദിയിലെത്തിയ അതിഥികളെ സ്വീകരിച്ച് അവർക്കൊപ്പം ഫോട്ടോകൾ എടുക്കുന്ന തിരക്കിലായിരുന്നു വരനും വധുവും. വേദിയിലേക്ക് അതിഥികൾക്കൊപ്പം കടന്നു വന്ന ഒരാൾ യാതൊരു സംശയത്തിനും ഇടനൽകാതെ കസേരയ്ക്ക് താഴെ വച്ചിരുന്ന ബാഗെടുത്ത് തന്റെ ബ്ലേസറിനുള്ളിൽ ഒളിപ്പിച്ച് കടന്നുകളയുകയായിരുന്നു.
ചടങ്ങുകളിലും ഫോട്ടോഷൂട്ടിലുമായി കുടുംബാംഗങ്ങളും അതിഥികളും മുഴുകിയിരുന്നതിനാൽ ആ സമയത്ത് ആരും ഈ സംഭവം ശ്രദ്ധിച്ചില്ല. ഫോട്ടോ ഷൂട്ട് കഴിഞ്ഞതിന് ശേഷമാണ് വധുവിന് തന്റെ ബാഗ് കാണാനില്ലെന്ന് മനസ്സിലായത്. സഥലത്ത് നടത്തിയ തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് കുടുംബം ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു. ഇതോടെയാണ് മോഷണമാണെന്ന് സ്ഥിരീകരിച്ചത്. വരന്റെയും വധുവിന്റെയും കുടുംബങ്ങളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചത്.





