പടയൊരുക്കുന്ന യുഎസ്, കടൽ ചുഴിയൊരുക്കി കാത്തിരിക്കുന്ന ഇറാൻ; കീഴടക്കാമെന്നത് വ്യാമോഹമാകും

0
53

 

ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക തങ്ങളുടെ വിമാന വാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിനെ പശ്ചിമേഷ്യയിലേക്ക് അയച്ചിരിക്കുകയാണ്. നേരത്തെ തന്നെ ഈ മേഖലയിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കണുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ഉത്തരവും ശിരസിലേറ്റിയാണ് ജെറാൾഡ് ആർ ഫോർഡിന്റെ യാത്ര. ചർച്ചകളിൽ ഇറാനെ വരുതിയിലാക്കാനുള്ള സമ്മർദ്ദ തന്ത്രമായി ഇതിനെ കണക്കാക്കുന്നുണ്ടെങ്കിലും ജെറാൾഡ് ആർ ഫോർഡിന്റെ വരവ് അത്ര പന്തിയല്ല കാര്യങ്ങളെന്നാണ് പറയാതെ പറയുന്നത്

അടുത്തിടെ ലോകത്തെ തന്നെ ഞെട്ടിച്ച നടപടിയാണ് വെനസ്വേലയിൽ യുഎസ് നടത്തിയത്. ഒരു പരമാധികാര രാഷ്ട്രത്തിൽ ആക്രമിച്ച് കടന്നുകയറി അതിന്റെ ഭരണാധികാരിയെ പാതിരാത്രി ബന്ധിയാക്കി കടത്തിക്കൊണ്ടു പോവുക എന്ന അസാധാരണമായ, ഒരു രാഷ്ട്രവും ചെയ്യാൻ പാടില്ലാത്ത അനീതിയാണ് യുഎസ് നടപ്പിൽ വരുത്തിയത്.

2026 ജനുവരി മൂന്നിനാണ് ലോകത്തെ ഞെട്ടിച്ച ആ സൈനിക നടപടി യുഎസ് നടപ്പിലാക്കിയത്. ഓപ്പറേഷൻ ആബ്‌സല്യൂട്ട് റിസോൾവ് എന്ന പേരിൽ നടന്ന ആ സൈനിക നീക്കത്തിൽ യുഎസ് സൈന്യത്തെ പിന്തുണക്കാനായി എത്തിയ വിമാനവാഹിനിയാണ് ജെറാൾഡ് ആർ ഫോർഡ്. ലോകത്തിലേറ്റവും വലിയ വിമാനവാഹിനികളിലൊന്നാണ് ഇത്. ആണവ ചർച്ചയിൽ വഴങ്ങിയില്ലെങ്കിൽ കടുത്ത നടപടിയെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരിക്കുന്ന പശ്ചാത്തലത്തിൽ വേണം പടയൊരുക്കത്തിന്റെ നീക്കങ്ങളെ വിലയിരുത്തേണ്ടത്.

വേണ്ടിവന്നാൽ ഒരു സൈനിക നടപടിക്ക് ഞങ്ങൾ തയ്യാറാണെന്ന് ഇറാന് മുന്നറിയിപ്പ് നൽകുകയാണ് യുഎസ്. അതേസമയം ഇറാൻ നേരിടുന്ന ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾക്കിടയിലും, ആ രാജ്യത്തെ കീഴടക്കുക എന്നത് അമേരിക്കയ്ക്ക് അത്ര എളുപ്പമായിരിക്കില്ല എന്നാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യുഎസിനൊപ്പം ഇസ്രയേലും ചേർന്നാലും ദുഷ്‌കരമായൊരു സൈനിക നടപടിയാകും ഇരുരാജ്യങ്ങളും അഭിമുഖീകരിക്കേണ്ടി വരിക.

ദശകങ്ങൾ നീണ്ട ഉപരോധങ്ങളും 2025 ജൂണിലെ 12 ദിവസത്തെ യുദ്ധത്തിൽ വ്യോമസേനയ്ക്കും പ്രതിരോധ സംവിധാനങ്ങൾക്കും ഏറ്റ തിരിച്ചടിയും ഇറാനെ ദുർബലപ്പെടുത്തിയിട്ടുണ്ട്. ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ സഖ്യകക്ഷികൾ ദുർബലമായതും സിറിയൻ ഭരണാധികാരി ബഷാർ അൽ അസദ് രാജ്യം വിട്ടതും ഇറാന് തിരിച്ചടിയാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഇറാന്റെ പക്കലുള്ള മിസൈൽ ശേഖരവും ഒരു പൂർണ്ണ തോതിലുള്ള അധിനിവേശത്തെ തടയുന്ന പ്രധാന ഘടകങ്ങളാണ്.

ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈവശമാണ്. യുദ്ധമുണ്ടായാൽ ഈ പാത അടച്ചുപൂട്ടുമെന്ന് ഇറാൻ ഭീഷണി മുഴക്കുന്നു, ഇത് ആഗോള സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകും.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മിസൈൽ ശേഖരം ഇറാന്റെ പക്കലുണ്ട്. ഫത്താ 1, ഫത്താ 2 തുടങ്ങിയ ഹൈപ്പർസോണിക് മിസൈലുകളും, 2,500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകളും ഇസ്രായേലിനെയും മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും തകർക്കാൻ ശേഷിയുള്ളവയാണ്. ചെറിയ വേഗതയേറിയ ബോട്ടുകളും, മൈനുകളും, 27 അന്തർവാഹിനികളും ഉപയോഗിച്ച് വമ്പൻ യുദ്ധക്കപ്പലുകളെ നേരിടാൻ ഇറാന് സാധിക്കും.

ഇറാനിലെ സൈനിക ഇടപെടൽ മറ്റൊരു ‘ഇറാഖ് യുദ്ധം’ പോലെ അമേരിക്കയ്ക്ക് വലിയ സാമ്പത്തിക നഷ്ടവും നാശനഷ്ടങ്ങളും വരുത്തിവെക്കുമെന്ന് ക്വിൻസി ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെല്ലോ വില്യം ഹാർടങ് മുന്നറിയിപ്പ് നൽകുന്നു. അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ നൂറുകണക്കിന് സൈനികരുടെ ജീവൻ അപകീർത്തിപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മുൻ യുഎൻ ആയുധ ഇൻസ്‌പെക്ടർ സ്‌കോട്ട് റിട്ടറും വ്യക്തമാക്കി. ചുരുക്കത്തിൽ, ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണെങ്കിലും അവരുടെ സൈനിക പ്രതിരോധ ശേഷി ഇപ്പോഴും അമേരിക്ക-ഇസ്രായേൽ സഖ്യത്തിന് വലിയ ഭീഷണിയായി തുടരുന്നു.

കടപ്പാട്: മാതൃഭൂമി ഓൺലൈൻ