ബെംഗളൂരു: അമ്മ നടത്തിയ ആഭിചാരക്രിയകൾ കാരണമാണു പിതാവ് മരിച്ചതെന്ന് ജ്യോത്സ്യൻ വിശ്വസിപ്പിച്ചതിനെത്തുടർന്ന് 33കാരിയായ യുവതി അമ്മയെ കൊലപ്പെടുത്തി. തുമകുരു ജില്ലയിലെ ക്യാത്സന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 55 വയസ്സുള്ള പുഷ്പവതി ആണ് കൊല്ലപ്പെട്ടത്. മകൾ സുചിത്ര ആണ് പ്രതി.
ഒന്നരവർഷം മുൻപാണ് സുചിത്രയുടെ പിതാവ് മരിച്ചത്. മരണകാരണം തേടി സുചിത്ര ഒരു ജ്യോത്സ്യനെ സമീപിച്ചു. അമ്മ നടത്തിയ ബ്ലാക്ക് മാജിക് മൂലമാണു പിതാവ് മരിച്ചതെന്ന് ജ്യോത്സ്യൻ ഇവരെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച സുചിത്ര, ഉറങ്ങിക്കിടന്ന അമ്മയെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഇതൊരു സ്വാഭാവിക മരണമാണെന്നു വരുത്തിത്തീർക്കാൻ സുചിത്ര ശ്രമിച്ചു. മൃതദേഹം വേഗത്തിൽ സംസ്കരിക്കാൻ ചടങ്ങുകളും ആരംഭിച്ചു.
സുചിത്രയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി ചോദ്യം ചെയ്തതോടെ സുചിത്ര കുറ്റം സമ്മതിക്കുകയായിരുന്നു. നിലവിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. കൊലപാതകത്തിൽ സുചിത്രയുടെ ഭർത്താവിന് പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.





