ഭർത്താവിൽ നിന്ന് വിവാഹബന്ധം വേർപ്പെടുത്തി വേറെ വിവാഹം കഴിച്ചു; ഭർത്താവിന് 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കണ്ണൂർ കുടുംബകോടതി

0
28
  • ഭര്‍ത്താവിന് മഹറും നഷ്ടപരിഹാരവും തിരിച്ചുനല്‍കി വിവാഹ ബന്ധം വേർപെടുത്താന്‍ മുസ്‌ലിം സ്ത്രീക്ക് അവകാശമുണ്ടെന്ന 2021ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കുടുംബ കോടതി ഉത്തരവ്

കണ്ണൂര്‍: മുസ്‌ലിം നിയമപ്രകാരം ഖുല്‍അ് ചെയ്ത് വിവാഹബന്ധം വേർപെടുത്തിയ ഭാര്യ നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപയും വിവാഹ സമയത്ത് നല്‍കിയ മുഴുവന്‍ സ്വര്‍ണാഭാരങ്ങൾ അല്ലെങ്കില്‍ അതിന്റെ വിലയും ഭര്‍ത്താവിന് തിരിച്ചുനല്‍കണമെന്ന് കണ്ണൂര്‍ കുടുംബ കോടതി ഉത്തരവിട്ടു. ഭര്‍ത്താവിന് മഹറും നഷ്ടപരിഹാരവും തിരിച്ചുനല്‍കി വിവാഹ ബന്ധം വേർപെടുത്താന്‍ മുസ്‌ലിം സ്ത്രീക്ക് അവകാശമുണ്ടെന്ന 2021ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കുടുംബ കോടതി ഉത്തരവ്. ചാല സ്വദേശി നൽകിയ കേസിൽ ജഡ്ജി ആര്‍ എല്‍ ബൈജുവാണ് ഉത്തരവിട്ടത്.

2022 ജൂണ്‍ 17നാണ് ഹരജിക്കാരന്‍ പാപ്പിനിശ്ശേരി സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്. ന്യൂസിലാന്‍ഡില്‍ ജോലി ചെയ്തുവന്നിരുന്ന ഹരജിക്കാരന്‍ വിവാഹശേഷം ഭാര്യയെ മുന്‍ധാരണ പ്രകാരം ന്യൂസിലാന്‍ഡിലേക്ക് കൊണ്ടുപോകാനൊരുങ്ങിയിരുന്നു. ഇതിനായി വിമാന ടിക്കറ്റടക്കം എടുത്തശേഷം ഭാര്യ ന്യൂസിലാൻഡിലേക്ക് വരാൻ വിസമ്മതിക്കുകയും 2023 ഏപ്രിൽ 29ന് ഖുല്‍അ് പ്രകാരം വിവാഹബന്ധം വേർപെടുത്തിയതായി അറിയിക്കുകയും ചെയ്യുകയായിരുന്നു.

ഏകപക്ഷീയമായി എതിര്‍കക്ഷി വിവാഹ ബന്ധം വേർപെടുത്തിയത് ഹരജിക്കാരന് കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും സമൂഹത്തിൽ അപമാനിതനായെന്നും കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നല്‍കണമെന്ന് കുടുംബ കോടതി ഉത്തരവിട്ടത്.

വിവാഹ ശേഷം രണ്ടാഴ്ച മാത്രമാണ് ഇരുവരും ഒരുമിച്ച് കഴിഞ്ഞത്. വിവാഹബന്ധം വേർപെടുത്തി മൂന്ന് മാസത്തിനകം എതിർകക്ഷിയായ സ്ത്രീ മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. ഇതുംകൂടി പരിഗണിച്ചാണ് കുടുംബ കോടതി ഉത്തരവ്. വിധിപ്രകാരം മഹര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്വർണാഭരണങ്ങളും പത്ത് ലക്ഷം രൂപയും നഷ്ടപരിഹാരമായി സ്ത്രീ ഹരജിക്കാരന് നല്‍കണം

സുപ്രീം കോടതി പരിശോധിക്കും

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ അനുമതിയില്ലാതെ ഖുല്‍അ് വഴി വിവാഹമോചനം നേടാന്‍ മുസ്‌ലിം സ്ത്രീക്ക് കഴിയുമെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി പരിശോധിക്കും. വിധിക്കെതിരായ അപ്പീല്‍ ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ബഞ്ച് ഇന്നലെ പരിഗണിച്ചു.

കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഷോബ് ആലമിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഏപ്രില്‍ 22 ന് കേസ് വാദം കേള്‍ക്കും. ഖുല്‍അ് വഴി വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള മുസ്്ലിം സ്ത്രീയുടെ അവകാശത്തെ ഇസ്്ലാമിക നിയമം അംഗീകരിക്കുന്നുണ്ടെന്നും അവളുടെ ഇച്ഛാശക്തി ഭര്‍ത്താവിന്റെ ഇഷ്ടത്തെ ആശ്രയിച്ചിരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി