ലോകകപ്പിൽ ഇന്ത്യക്കെതിരേ കളിക്കാം; പക്ഷേ താരങ്ങൾ ഹസ്തദാനം നൽകണം

0
8

ലാഹോർ: ടി20 ലോകകപ്പിൽ ഫെബ്രുവരി 15-ന് നടക്കാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ പിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തയ്യാറാണെന്ന് റിപ്പോർട്ടുകൾ.

പക്ഷേ അതിനായി ഏതാനും നിബന്ധനകൾ പിസിബി, ഐസിസിക്കു മുന്നിൽവെച്ചതായും റിപ്പോർട്ടുകൾ പറയുന്നു. പ്രശ്‌നത്തിന് പരിഹാരം കാണാൻ രണ്ട് ഐസിസി പ്രതിനിധികൾ ഞായറാഴ്ച ലഹോറിലെത്തി പിസിബിയുമായി ചർച്ച നടത്തിയിരുന്നു. മത്സരം ബഹിഷ്‌കരിച്ചാലുള്ള നടപടികൾ ഐസിസി, പിസിബി അംഗങ്ങളെ അറിയിച്ചു. പിസിബിയിലെ ഒരു വിഭാഗം ഇന്ത്യ-പാക് മത്സരം നടക്കണമെന്ന് ആഗ്രഹമുള്ളവരാണ്. പക്ഷേ പിസിബി ചെയർമാനും പാക് മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി കടുംപിടിത്തം തുടരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.

പ്രശ്‌നം സൗഹാർദപരമായി പരിഹരിക്കുന്നതിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) മേധാവി അമിനുൾ ഇസ്ലാം ബുൾബുളും ഐസിസി പ്രതിനിധി സംഘത്തെ കാണാൻ ഞായറാഴ്ച ലാഹോറിലെത്തിയിരുന്നു. ഐസിസി വരുമാനത്തിൽ നിന്ന് ഇപ്പോൾ ലഭിക്കുന്നതിൽ കൂടുതൽ വിഹിതം ലഭിക്കണമെന്നും ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പരകൾ പുനസ്ഥാപിക്കണമെന്നും ഇന്ത്യ-പാക് മത്സരത്തിൽ താരങ്ങൾ പരസ്പരം ഹസ്തദാനത്തിന് തയ്യാറാകണമെന്നുമുള്ള നിബന്ധനകളാണ് നഖ്‌വിയും പിസിബിയും ഐസിസി പ്രതിനിധികൾക്കു മുന്നിൽവെച്ചിരിക്കുന്നതെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു.

ഇതോടൊപ്പം ലോകകപ്പിൽ നിന്ന് പുറത്താക്കിയതിൽ ബംഗ്ലാദേശിന് നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്നും ലോകകപ്പിൽ പങ്കെടുക്കുന്നില്ലെങ്കിലും ഓരോ മത്സരങ്ങളുടെയും പങ്കാളിത്ത ഫീസ് ബിസിബിക്ക് കൃത്യമായി നൽകണമെന്നും ഭാവിയിൽ ഐസിസിയുടെ ഒരു പ്രധാന ടൂർണമെന്റ് നടത്താനുള്ള അവകാശം ബംഗ്ലാദേശിന് അനുവദിക്കണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടതായും മറ്റ് റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

ടി20 ലോകകപ്പിൽ തങ്ങളുടെ മത്സര വേദി ഇന്ത്യയിൽ നിന്ന് വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ഐസിസി നിരാകരിക്കുകയും അതുവഴി അവർക്ക് ടൂർണമെന്റിന് പുറത്ത് പോകേണ്ടി വന്നതുമാണ് പിസിബിയെ ചൊടിപ്പിച്ചത്. ബിസിബിക്ക് പിന്തുണ അറിയിച്ചാണ് പാകിസ്താൻ സർക്കാർ, ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിൽ കളിക്കാനിറങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. തുടർന്നാണ് മത്സര നടത്തിപ്പിനായി ഐസിസി പ്രതിനിധികൾ പിസിബി പ്രതിനിധികളുമായി ചർച്ച നടത്തിയത്.

ഐസിസി വരുമാന വിതരണത്തിൽ നിന്ന് നിലവിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന നാലാമത്തെ രാജ്യമാണ് പാകിസ്താൻ. ഐസിസി സൃഷ്ടിക്കുന്ന മൊത്തം വരുമാനത്തിന്റെ 5.75 ശതമാനം പിസിബിക്ക് ലഭിക്കുന്നുണ്ട്. 2023-ലെ കണക്കുകൾ പ്രകാരം, ഐസിസിയിൽ നിന്ന് പാകിസ്താൻ പ്രതിവർഷം 34.51 ദശലക്ഷം യുഎസ് ഡോളർ സമ്പാദിക്കുന്നുണ്ട്. ക്രിക്കറ്റ് ഓസ്ട്രേലിയ, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്, ബിസിസിഐ എന്നീ ക്രിക്കറ്റ് ബോർഡുകൾ മാത്രമാണ് പിസിബിയേക്കാൾ കൂടുതൽ പണം നേടുന്നത്. ഈ ഐസിസി വിഹിതം വർധിപ്പിക്കണമെന്നാണ് പാകിസ്താന്റെ ഒരു ആവശ്യം.

ഇക്കാര്യങ്ങൾ അംഗീകരിച്ചാൽ ഇന്ത്യയ്‌ക്കെതിരേ കളിക്കാനിറങ്ങാമെന്നാണ് പിസിബിയുടെ നിലപാട്. അന്തിമ തീരുമാനത്തിനു മുമ്പ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൂടിയാലോചിക്കണമെന്ന് മൊഹ്‌സിൻ നഖ്‌വി പറഞ്ഞിട്ടുണ്ട്.