റിയാദ്: തലസ്ഥാന നഗരിയായ റിയാദ് എയര്‍പോര്‍ട്ടില്‍ വൻ മാറ്റങ്ങൾ വരുത്തുന്നു. ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളിലാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങള്‍ നടപ്പാക്കുന്നത്. ഫെബ്രുവരി 16 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി മാറ്റങ്ങള്‍ നിലവില്‍വരും. യാത്രക്കാര്‍ അവരുടെ ഫ്‌ളൈറ്റ് സമയത്തിന് നാല് മണിക്കൂര്‍ മുമ്പ് അവരുടെ നിയുക്ത ടെര്‍മിനലില്‍ ചെക്ക് ഇന്‍ ചെയ്യണമെന്നും ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം നിര്‍ദേശിച്ചു.
സഊദി വിമാന കമ്പനികളായ സഊദി അറേബ്യന്‍ എയര്‍ലൈന്‍സ്, ഫ്‌ളൈ അദീല്‍, ഫ്ളൈ നാസ് എന്നിവക്കൊപ്പം വിദേശ വിമാനക്കമ്പനികളുടെയും സര്‍വീസുകള്‍ ടെര്‍മിനല്‍ മാറ്റത്തില്‍ ഉള്‍പ്പെടുന്നു.
- ഫെബ്രുവരി 16: അര്‍ധ രാത്രിക്ക് ശേഷം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഫ്‌ളൈ അദീല്‍ ഇന്റര്‍നാഷണല്‍ സര്‍വീസുകള്‍ ടെര്‍മിനല്‍ 1 ലേക്ക് മാറും.
- ഫെബ്രുവരി 17: പുലര്‍ച്ചെ 3:00 ന് ശേഷം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് ഇന്റര്‍നാഷണല്‍ സര്‍വീസുകള്‍ ടെര്‍മിനല്‍ 2 ലേക്ക് മാറ്റും.
- ഫെബ്രുവരി 24: അര്‍ധ രാത്രിക്ക് ശേഷം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് ഡൊമസ്റ്റിക് സര്‍വീസുകള്‍ ടെര്‍മിനല്‍ 4 ലേക്ക് മാറ്റും.
- അതേ ദിവസം തന്നെ, രാത്രി 11:00 ന് ശേഷം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഫ്‌ളൈ അദീല്‍, ഫ്ളൈ നാസ് ആഭ്യന്തര സര്‍വീസുകളും ടെര്‍മിനല്‍ 4 ലേക്ക് മാറ്റും.
- ഫെബ്രുവരി 25: പുലര്‍ച്ചെ 5:00 മണിക്ക് ശേഷം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന വിദേശ വിമാന കമ്പനികളുടെ ഇന്റര്‍നാഷണല്‍ സര്‍വീസുകള്‍ ടെര്‍മിനല്‍ 5 ലേക്ക് മാറ്റും.
- അതേ ദിവസം തന്നെ, രാവിലെ 7:00 ന് ശേഷം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സഊദി അറേബ്യന്‍ എയര്‍ലൈന്‍സ്, ഫ്‌ളൈ അദീല്‍, ഫ്ളൈ നാസ് ആഭ്യന്തര സര്‍വീസുകള്‍ ടെര്‍മിനല്‍ 3 ലേക്ക് മാറ്റുമെന്നും റിയാദ് എയര്‍പോര്‍ട്ട് അറിയിച്ചു.
നിർദേശങ്ങൾ
- കാലതാമസം ഒഴിവാക്കാന്‍ യാത്രക്കാര്‍ ഔദ്യോഗിക കേന്ദ്രങ്ങൾ വഴിഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകള്‍ പരിശോധിക്കണം
- നേരത്തെ വിമാനത്താവളത്തില്‍ എത്തണം
- എയര്‍ലൈനുകളുടെ അപ്ഡേറ്റുകള്‍ നിരീക്ഷിക്കണം
- നിശ്ചിത ഡിപ്പാര്‍ച്ചര്‍ സമയം പാലിക്കണം
- ടിക്കറ്റുകളിലും ബോര്‍ഡിംഗ് പാസുകളിലും രേഖപ്പെടുത്തിയിരിക്കുന്ന ടെര്‍മിനല്‍ നമ്പര്‍ പരിശോധിക്കണം.





