- വിധി കേട്ട ശേഷം വീട്ടിലേക്ക് മടങ്ങിയ ബാബുഭായിയെ പിറ്റേദിവസം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
അഹമ്മദാബാദ്: ഗുജറാത്തിൽ 20 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ നിരപരാധിയെന്ന് തെളിയിക്കാൻ 30 വർഷം കോടതി കയറിയിറങ്ങിയ വയോധികൻ മരിച്ചു. നിരപരാധി എന്ന് കണ്ടെത്തി കോടതി വിധി പുറപ്പെടുവിച്ചതിന്റെ പിറ്റേ ദിവസമാണ് വയോധികൻ മരിച്ചത്. 1996ലാണ് ഗുജറാത്തിൽ പൊലീസ് കോൺസ്റ്റബിളായ ബാബുഭായ് പ്രജാപതി ജോലി ചെയ്തിരുന്ന സമയത്ത് 20 രൂപ കൈക്കൂലി വാങ്ങിയതായി ആരോപണം ഉയർന്നത്.
അഴിമതി നിരോധന നിയമപ്രകാരമാണ് കുറ്റം ചുമത്തിയത്. 1997ൽ സെഷൻസ് കോടതിയിൽ അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു. 2003ൽ സാക്ഷി വിസ്താരം. 2004ൽ സെഷൻസ് കോടതി പ്രജാപതിക്ക് നാലു വർഷം തടവും 3,000 രൂപ പിഴയും വിധിച്ചു.
ഗുജറാത്ത് ഹൈക്കോടതിയിൽ സെഷൻസ് കോടതി വിധിയെ പ്രജാപതി ചോദ്യം ചെയ്തിരുന്നു. പിന്നാലെ 22 വർഷത്തോളം അപ്പീലുമായി കോടതി വരാന്തകൾ കയറിയിറങ്ങി. ഫെബ്രുവരി 4 ന് ബാബുഭായ് നിരപരാധിയാണെന്ന് വിധിച്ച് കോടതി ഉത്തരവിട്ടു. സാക്ഷികളുടെ മൊഴികളിൽ ഗുരുതരമായ വൈരുദ്ധ്യങ്ങളുണ്ടെന്നും കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ബാബുഭായിയെ വെറുതെ വിട്ടത്.
വിധി കേട്ട ശേഷം വീട്ടിലേക്ക് മടങ്ങിയ ബാബുഭായിയെ പിറ്റേദിവസം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ വച്ച് ബാബുഭായിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.





