യുവാക്കളെ ഹോട്ടൽ‌ മുറിയിലെത്തിച്ച് ലഹരി വിൽപന, ലൈംഗിക ചൂഷണം; സൂപ്രണ്ട് പിടിയിൽ

തിരുവനന്തപുരം ∙ സന്തോഷ് ട്രോഫി കേരള ഫുട്ബോൾ ടീം മുൻ താരവും ട്രാവൻകൂർ ടൈറ്റാനിയം സീനിയർ സൂപ്രണ്ടുമായ നജീബ് ഖാനെ 4 ഗ്രാം എംഡിഎംഎയുമായി നഗരത്തിലെ ഹോട്ടലിൽ നിന്ന് എക്സൈസ് സംഘം പിടികൂടി.

പ്രത്യേക മൊബൈൽ ആപ് തയാറാക്കി അതു വഴി യുവാക്കളെ ഹോട്ടൽ മുറിയിൽ എത്തിച്ച് ലഹരി കൈമാറുന്നതാണ് നജീബ് ഖാന്റെ രീതിയെന്ന് എക്സൈസ് പറഞ്ഞു. 5 വർഷമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്ന് നജീബ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഹോട്ടലിലേക്ക് 25 ഗ്രാം എംഡിഎംഎയുമായി ബെം‍ഗളൂരുവിൽ നിന്ന് ഏജന്റ് വരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോകന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നജീബ് കുടുങ്ങിയത്.

സന്തോഷ് ട്രോഫി താരമെന്ന നിലയിലാണ് ടൈറ്റാനിയത്തിൽ നജീബ് ഖാന് സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിച്ചത്. അഞ്ചു വർഷമായി നജീബ് ലഹരി ഉപയോഗിക്കുന്നുണ്ട്. ഇതിനു ശേഷമാണ് വിൽപനയും തുടങ്ങിയത്. യുവാക്കളെ വിളിച്ചുവരുത്തി ലഹരി കച്ചവടവും ലൈഗിംക ചൂഷണവും പതിവായിരുന്നുവെന്ന് എക്സൈസ് പറയുന്നു. തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് നജീബിനെ കുറിച്ചുള്ള വിവരം എകൈസൈസിനു ലഭിക്കുന്നത്. രണ്ടു ദിവസമായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. 

വിദ്യാർഥികള്‍ മുതൽ ഉദ്യോഗസ്ഥർ വരെയുള്ളവർ നജീബിന്റെ ലിസ്റ്റിലുണ്ടെന്ന് എക്സൈസ് ഇൻസ്പെക്ടർ അരുണ്‍ അശോക് പറയുന്നു. നജീബിനൊപ്പമുള്ള ശൃംഖലയെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ടൈറ്റാനിയത്തിൽ ഒരു ലക്ഷത്തിനു മുകളിൽ ശമ്പളമുള്ള ഇയാൾ പണം കൂടുതൽ സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീണ്ടും ലഹരി കച്ചവടത്തിലേക്കു തിരിഞ്ഞത്.