ഈരാറ്റുപേട്ട: കേരളത്തിന്റെ മരുമകളായി മിസ്‍രിപ്പെണ്ണ് റവാൻ എത്തുന്നു. തുർക്കിയിലെ ഇബ്നു ഖൽദൂൻ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി പിജി വിദ്യാർഥിയും ഈരാറ്റുപേട്ട സ്വദേശിയുമായ ബിലാൽ ബിൻ ജമാലിന്റെ വധുവായാണ് ഈജിപ്തിലെ അലക്സാണ്ട്രിയ സ്വദേശിനിയായ റവാൻ അൽ അഗവാനി എത്തുന്നത്. ഇബ്നു ഖൽദൂൻ യൂണിവേഴ്സിറ്റിയിലെ തന്നെ ഫിലോസഫി വിദ്യാർഥിനിയാണ് റവാൻ. കഴിഞ്ഞ ദിവസം ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ ഒമാനിലെ സലാലയിൽ വച്ച് ഇവരുടെ നിക്കാഹ് നടന്നു.
സാധാരണ ഇരു രാജ്യങ്ങളിലുള്ളവർ വിവാഹിതരാകുന്നത് പ്രണയത്തിലൂടെയാണെങ്കിൽ വീട്ടുകാർ തമ്മിലുറപ്പിച്ച വിവാഹമെന്ന പ്രത്യേകതയും ഇതിനുണ്ട്. തുർക്കിയിൽ ബിലാലിന്റെ സഹപാഠിയാണ് റവാന്റെ സഹോദരൻ മാസിൻ അൽ അഗവാനി. ഇരുവരും ഈജിപ്ത് സ്വദേശി തന്നെയായ മറ്റൊരു സുഹൃത്തും ഹോസ്റ്റലിൽ ഒരേ മുറിയിലാണ് താമസം. മാസിനാണ് ആദ്യമായി ബിലാലിനോട് സഹോദരിയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്. വീട്ടുകാരുമായും പെൺകുട്ടിയുമായും സംസാരിച്ച ശേഷം ബിലാൽ അനുകൂലമായ മറുപടി നൽകിയതോടെ വിവാഹ കാര്യങ്ങൾ മുന്നോട്ടുപോയി. കഴിഞ്ഞ ഫെബ്രുവരിയിൽ ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ സലാലയിൽ വച്ചു വിവാഹമുറപ്പിക്കൽ ചടങ്ങ് നടത്തി.
മൂവാറ്റുപുഴ തച്ചളായിൽ ജമാലിന്റെയും തലനാട് ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപിക ഈരാറ്റുപേട്ട കോന്നച്ചാടത്ത് സജിത എ. ഖാദറിന്റെയും മകനാണ് ബിലാൽ. ഈജിപ്തിലെ അലക്സാണ്ട്രിയയിലെ അസ്റാൻ ബകരി അഗവാനിയുടെയും ലാമിയ സഅദ് അലിയുടെയും മകളാണ് റവാൻ അൽ അഗവാനി. അധ്യാപകനായ അസ്റാനും കുടുംബവും സലാലയിലാണ് താമസം. ജൂലൈയിൽ ഇരുവരും എത്തിയ ശേഷം നാട്ടിൽ വിവാഹ സൽക്കാരം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
കടപ്പാട്: മനോരമ ഓൺലൈൻ





