ചെന്നൈയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു: നൂറുകണക്കിന് കാക്കകൾ ചത്തൊടുങ്ങുന്നു; അതീവ ജാഗ്രതാ നിർദ്ദേശം

0
6

ചെന്നൈ: തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ അതീവ അപകടകാരിയായ എച്ച്5എൻ1 (H5N1) പക്ഷിപ്പനി സ്ഥിരീകരിച്ചു. നഗരത്തിലെ അഡയാർ മേഖലയിൽ നൂറുകണക്കിന് കാക്കകൾ കൂട്ടത്തോടെ ചത്തുവീണതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി കത്തയച്ചു.

രോഗവ്യാപനം തടയുന്നതിനായി മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യവകുപ്പുകൾ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്ന ‘വൺ ഹെൽത്ത്’ (One Health) രീതി നടപ്പിലാക്കാൻ കേന്ദ്രം നിർദ്ദേശിച്ചു.

ചത്ത കാക്കകളെയോ മറ്റ് പക്ഷികളെയോ യാതൊരു കാരണവശാലും നേരിട്ട് തൊടാൻ പാടില്ല. ബയോ-സെക്യൂരിറ്റി മാനദണ്ഡങ്ങൾ പാലിച്ച് ഇവ ആഴത്തിൽ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം.

പക്ഷികളെ അറിഞ്ഞോ അറിയാതെയോ സ്പർശിക്കാനിടയായാൽ കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം.

കോഴി ഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കാനും തൊഴിലാളികൾ നിർബന്ധമായും അണുനാശിനികൾ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്.

പക്ഷികളെ ബാധിക്കുന്ന തീവ്രമായ ഇൻഫ്ലുവൻസ എ വൈറസാണ് എച്ച്5എൻ1. ഇത് കോഴികളിലും കാക്കകളിലും മറ്റ് പക്ഷികളിലും അതിവേഗം പടരുകയും കൂട്ടമരണത്തിന് കാരണമാവുകയും ചെയ്യും.

മനുഷ്യരിലേക്ക് പടരുമോ? മനുഷ്യരിലേക്ക് പടരുന്നത് അപൂർവ്വമാണെങ്കിലും, ബാധിച്ചാൽ അത് ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്കും ന്യൂമോണിയയ്ക്കും കാരണമായേക്കാം. നിലവിൽ ചെന്നൈയിൽ മനുഷ്യരിലാരിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല.

പക്ഷികൾ കൂട്ടത്തോടെ ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പ്രാദേശിക അധികൃതരെ അറിയിക്കുക. വന്യജീവികളോ തെരുവ് നായകളോ പക്ഷികളുടെ മൃതദേഹങ്ങൾ കടിച്ചു കൊണ്ടുപോകാത്ത വിധം സുരക്ഷിതമായി സംസ്കരിക്കണം.
മാംസം കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക.
നഗരത്തിൽ വന്യജീവി വിഭാഗവും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. വനപാലകർ പക്ഷികളുടെ മരണം കൃത്യമായി റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശമുണ്ട്.