കോഴിക്കോട്: ബീച്ച് ഹോട്ടലിന്റെ പാർക്കിങ്ങിൽ നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ. മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടതോടെയാണ് യുവാവ് പിടിയിലായത്. പാലക്കാട് മേലേപട്ടാമ്പി സ്വദേശി കുറുപ്പംതൊടി വീട്ടിൽ മുഹമ്മദ് റഫീക്ക് (35) ആണ് ടൗൺ പൊലീസിന്റെ പിടിയിലായത്.
ഈ മാസം നാലിന് കോഴിക്കോട് ബീച്ച് ഹോട്ടലിന്റെ പാർക്കിങ്ങിൽ എലത്തൂർ സ്വദേശി അക്ഷയ് കുമാർ നിർത്തിയിട്ട മോട്ടോർ സൈക്കിളാണ് പ്രതി മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത്.
അക്ഷയ് കുമാർ നൽകിയ പരാതിയിൽ ടൗൺ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തുന്നതിനിടെ പ്രതി മോഷണം നടത്തിയ ബൈക്കുമായി ചാലപ്പുറത്ത് വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ അപകടം നടന്ന സ്ഥലത്തേയ്ക്ക് കൺട്രോൾ റൂം വാഹനം എത്തുകയും പൊലീസ് പരിശോധിച്ചതിൽ വാഹനം മോഷണം നടത്തിയതാണെന്ന് മനസ്സിലാകുകയുമായിരുന്നു.
തുടർന്ന് പ്രതിയെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ച ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടൗൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ മിജോ ജോസ്, ആഷ്ലി ടൗറോ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീജേഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.





