സഊദിയുടെ വടക്കൻ അതിർത്തി മേഖലയിൽ ‘കുഞ്ഞൻ മൂങ്ങ’യെ കണ്ടെത്തി

0
75

അറാർ: സഊദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിൽ കുഞ്ഞൻ മൂങ്ങയെ കണ്ടെത്തി. പരിസ്ഥിതി പഠനങ്ങളിൽ നിർണായകമായ കണ്ടെത്തലായാണ് ഇത് വിലയിരുത്തുന്നത്.

ശാസ്ത്രീയമായി ‘അഥീന നോക്തുവ’ (Athene noctua) എന്ന് വിളിക്കപ്പെടുന്ന പിറ്റ് ഔൾ (Pit Owl) അഥവാ കുഞ്ഞൻ മൂങ്ങയെ ആണ് കണ്ടെത്തിയത്. പ്രാദേശികമായി ഇതിനെ ‘ഉം ഖാവീഖ്’ എന്നും ‘ഡ്വാർഫ് ഔൾ’ എന്നും വിളിക്കാറുണ്ട്. രാജ്യത്തെ ജൈവവൈവിധ്യം വർധിച്ചുവരുന്നതിന്റെ തെളിവായാണ് പരിസ്ഥിതി പ്രവർത്തകർ കുഞ്ഞൻ മൂങ്ങയുടെ സാന്നിധ്യത്തെ വിലയിരുത്തുന്നത്.

വളരെ ചെറിയ ശരീരപ്രകൃതിയുള്ള ഈ മൂങ്ങകൾ സന്ധ്യാസമയത്തും രാത്രിയിലുമാണ് കൂടുതൽ സജീവമാകുന്നത്. മരുഭൂമികളിലും പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ഒരേപോലെ ജീവിക്കാൻ കഴിവുള്ള ഇവ പരിസ്ഥിതിയുമായി വേഗത്തിൽ ഇണങ്ങിച്ചേരും. പ്രാണികൾ, ചെറിയ എലികൾ, ഇഴജന്തുക്കൾ എന്നിവയാണ് പ്രധാന ഭക്ഷണം. കാർഷിക മേഖലയിലെ കീടങ്ങളെ നിയന്ത്രിക്കുന്നതിലും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും  കുഞ്ഞൻ മൂങ്ങകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.

സാധാരണ മൂങ്ങകൾ മരങ്ങളിൽ കൂടു കൂട്ടുമ്പോൾ, കുഞ്ഞൻ മൂങ്ങകൾ മണ്ണിലെ മാളങ്ങളിലും പാറയിടുക്കുകളിലുമാണ് കഴിയുന്നത്. രാത്രികാലങ്ങളിൽ ഇവ പുറപ്പെടുവിക്കുന്ന തീക്ഷ്ണമായ ശബ്ദത്തിലൂടെ ഇവയെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. വടക്കൻ അതിർത്തി മേഖലയിലെ സ്വാഭാവിക ആവാസവ്യവസ്ഥ ആരോഗ്യകരമാണെന്നാണ് ഈ പക്ഷിയുടെ സാന്നിധ്യം സൂചിപ്പിക്കുന്നതെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നത്. ഇത്തരം ജീവവർഗ്ഗങ്ങളെ കണ്ടെത്തുന്നത് ശാസ്ത്രീയ പഠനങ്ങൾക്കും വന്യജീവി സംരക്ഷണത്തിനും വലിയ കരുത്ത് പകരും.