16കാരിക്ക് നേരെ പീഡന ശ്രമം: വിമാനം വഴി തിരിച്ചുവിട്ടു

0
5

ഡബ്ലിൻ: 16 വയസ്സുകാരിയെ തൊട്ടടുത്തിരുന്ന യാത്രക്കാരൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അമേരിക്കയിലേക്കുള്ള വിമാനം വഴി തിരിച്ചുവിട്ട സംഭവത്തിൽ 58 വയസ്സുകാരനായ പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചു.

2023 നവംബർ 15ന് ബോസ്റ്റണിലേക്ക് പോകുന്ന എയർ ലിങ്സ് വിമാനത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കർഷകനായ പാട്രിക് നൂണാണ് ചൊവ്വാഴ്ച എന്നിസ് സർക്യൂട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ കുറ്റം സമ്മതിച്ചത്.

ടേക്ക് ഓഫ് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ അരികിലിരുന്നയാൾ തന്നെ അനുചിതമായി സ്പർശിച്ചതായി പെൺകുട്ടി കാബിൻ ക്രൂവിനോട് പരാതി പറയുകയായിരുന്നു. കാബിൻ ക്രൂ വിവരം ക്യാപ്റ്റനെ അറിയിച്ചു. ഇതോടെ ക്യാപ്റ്റൻ അയർലണ്ടിലേക്ക് തിരികെ പോയി വിമാനം ലാൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

അയർലൻഡിന്റെ പരിധിയിലാണ് കേസിന് ആസ്പദമായ കുറ്റം നടന്നത്. വിചാരണയ്ക്കായി വിഡിയോ ലിങ്ക് വഴി സാക്ഷികൾ മുൻപ് ഹാജരായിരുന്നു. സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകളോടൊപ്പം കൗമാരക്കാരിയുടെ മുത്തശ്ശിയും സാക്ഷിയാണ്. ഇപ്പോൾ 18 വയസ്സുള്ള പരാതിക്കാരി യുഎസിലെ കോളജിലെ വിദ്യാർഥിനിയാണ്.

ബോസ്റ്റണിലേക്ക് പോയ വിമാനം ഷാനനിലേക്ക് തിരികെ കൊണ്ടുപോയതിനാൽ എയർ ലിങ്സിന് ഏകദേശം 24,000 പൗണ്ട് ചെലവ് വന്നിട്ടുണ്ടെന്ന് ഓഫിസർ റൂത്ത് ഒ സള്ളിവൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.