പാലത്തിൽ നിന്ന് ട്രെയിനിന് മുകളിലേക്ക് ചാടി; വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

0
5

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ പാലത്തിൽ നിന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് ചാടിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഹൗറ സ്റ്റേഷന് സമീപമുള്ള റെയിൽവേ ഓവർബ്രിഡ്ജിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

റെയിൽവേ പാലത്തിന് മുകളിൽ ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷമാണ് യുവാവ് താഴെ ട്രാക്കിലൂടെ വന്ന ട്രെയിനിന് മുകളിലേക്ക് ചാടിയത്. ട്രെയിനിന്റെ മുകളിലെ ഹൈവോൾട്ടേജ് വൈദ്യുത കമ്പികളിൽ തട്ടിയ ഇയാൾക്ക് തൽക്ഷണം തന്നെ തീപിടിക്കുകയും താഴേക്ക് വീഴുകയുമായിരുന്നു.

അതീവ ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ തന്നെ റെയിൽവേ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്.

ഇയാൾ എന്തിനാണ് പാലത്തിൽ നിന്ന് ചാടിയതെന്ന കാര്യം വ്യക്തമല്ല. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് ഹൗറ ഡിവിഷനിലെ ട്രെയിൻ ഗതാഗതം അല്പനേരം തടസ്സപ്പെട്ടു.

റെയിൽവേ സംരക്ഷണ സേനയും പ്രാദേശിക പൊലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പാലങ്ങളിൽ സുരക്ഷാ വേലികൾ സ്ഥാപിക്കണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമായിട്ടുണ്ട്.