കൊറിയൻ ഓൺലൈൻ ഗെയിം വിലക്കി മാതാപിതാക്കൾ; ഒൻപതാം നിലയിൽ നിന്ന് താഴേക്ക് ചാടി മൂന്ന് സഹോദരിമാർ ജീവനൊടുക്കി

0
13

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൻ്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. ഓൺലൈൻ ഗെയിം കളിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിൽ പിണങ്ങിയാണ് കുട്ടികൾ ഈ കടുംകൈ ചെയ്തതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

ഗാസിയാബാദിലെ റെസിഡൻഷ്യൽ ഏരിയയായ ഭാരത് സിറ്റിയിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. പാഖി (12), പ്രാചി (14), വിഷിക (16) എന്നീ പെൺകുട്ടികളാണ് ബുധനാഴ്ച അർധരാത്രി രണ്ട് മണിക്ക് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയത്. കുളിയും ഭക്ഷണം കഴിക്കലും സ്കൂളിൽ പോക്കും മാത്രമല്ല എല്ലാ കാര്യങ്ങളും മൂവരും ഒന്നിച്ചാണ് ചെയ്തിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

ചേതൻ കുമാർ എന്ന ആളുടെ മൂന്ന് പെൺമക്കൾ കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുകയായിരുന്നു എന്ന് ഷാലിമാർ ഗാർഡനിലെ അസിസ്റ്റൻ്റ് കമ്മീഷണർ അതുൽ കുമാർ സിങ് പറഞ്ഞു. പെൺകുട്ടികളെ ഉടനെ തന്നെ ലോനിയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇവർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ കൊവിഡ് കാലം മുതൽ കുട്ടികൾക്ക് ഓൺലൈൻ ഗെയിമിനോട് കടുത്ത അഭിനിവേശം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊറിയൻ ടാസ്ക്ക് അധിഷ്ഠിത ഓൺലൈൻ ഗെയിമിനോടാണ് കുട്ടികൾ കൂടുതൽ താൽപ്പര്യം കാണിച്ചിരുന്നത്. ഓൺലൈൻ ഗെയിമിങ്ങിൽ പതിവായി കൂടുതൽ സമയം ചെലവഴിച്ചിരുന്നതിനാൽ തന്നെ കുട്ടികൾ കൃത്യമായി സ്കൂളിൽ പോലും പോയിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. മൂത്ത പെൺകുട്ടിയായ വിഷിക പഠനത്തിലും പിന്നിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മരിക്കുന്നതിന് മുമ്പ് കുട്ടികൾ ആത്മഹത്യാ കുറിപ്പും എഴുതിയിരുന്നു. മരണ കാരണം സംബന്ധിച്ച് വിശദാംശങ്ങൾ ഡയറിയിൽ എഴുതിയിട്ടുണ്ടെന്നും കുട്ടികൾ പറയുന്നു. പോക്കറ്റ് ഡയറിയിലാണ് 8 പേജുള്ള ആത്മഹത്യാ കുറിപ്പ് എഴുതിയിട്ടുള്ളത്. ഇതിൽ ഓൺലൈൻ ഗെയിമിങ്ങിനെ കുറിച്ചും മൊബൈൽ അഡിക്ഷനെ കുറിച്ചും കുട്ടികൾ പരാമർശിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.