പ്രവാസികൾക്ക് ആശ്വാസമായി ‘മുഖീം’ പ്ലാറ്റ്‌ഫോമിൽ പുതിയ സേവനം
റിയാദ്: സഊദി അറേബ്യയിൽ ഫാമിലി വിസിറ്റ് വിസയിൽ എത്തിയവർക്ക് ചില പ്രത്യേക നിബന്ധനകൾക്ക് വിധേയമായി വിസ റെസിഡന്റ് പെർമിറ്റിലേക്ക് (ഇഖാമ) മാറ്റാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണഗതിയിൽ സന്ദർശക വിസകൾ ഇഖാമയിലേക്ക് മാറ്റാൻ അനുവാദമില്ലെങ്കിലും, മാനുഷിക പരിഗണനകൾ മുൻനിർത്തിയും ചില പ്രത്യേക വിഭാഗങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും.
പ്രധാനമായും സന്ദർശക വിസയിലുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളുടെ സ്പോൺസർഷിപ്പിലേക്ക് മാറാൻ സാധിക്കുമെന്നതാണ് പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്നത്.
ഇഖാമ മാറ്റുന്നതിനായി അപേക്ഷകർ ചില പ്രധാന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. മാതാപിതാക്കൾക്ക് സാധുവായ ഇഖാമ ഉണ്ടായിരിക്കുക, കുട്ടികൾ 18 വയസ്സിന് താഴെയുള്ളവരായിരിക്കുക എന്നിവയാണ് പ്രധാന നിബന്ധനകൾ. ഇതിനായി സൗദി പാസ്‌പോർട്ട് വിഭാഗമായ ജവാസാത്തിനെയാണ് (Jawazat) സമീപിക്കേണ്ടത്.
ഓൺലൈൻ പ്ലാറ്റ്‌ഫോമായ അബ്ഷർ (Absher) വഴി ഇതിനായി അപ്പോയിന്റ്മെന്റ് എടുത്ത് രേഖകൾ സമർപ്പിക്കണം. വിവാഹ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ അറബി പരിഭാഷയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം നൽകേണ്ടതുണ്ട്. എങ്കിലും എല്ലാ അപേക്ഷകളിലും ജവാസാത്തിന്റെ അന്തിമ തീരുമാനം നിർണ്ണായകമായിരിക്കും.





