പോലീസ് കമാൻഡോയെ ഭർത്താവ് ഡംബൽകൊണ്ട് തലയ്ക്കടിച്ചു കൊന്നു; യുവതി 4 മാസം ഗർഭിണി

0
87

ന്യൂഡൽഹി: ഡൽഹി പൊലീസിൽ കമാൻഡോ ആയ യുവതിയെ ഭർത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കാജൽ ചൗധരിയെ (27) ആണ് ഭർത്താവായ അങ്കുർ ഡംബൽ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. കാജൽ നാലു മാസം ഗർഭിണിയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ക്ലാർക്കാണ് അങ്കുർ. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു കാജലിനു മർദനമേറ്റത്. ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം.

മർദനം നടന്ന ദിവസം കാജൽ തന്നെ ഫോണിൽ വിളിച്ചിരുന്നതായി പൊലീസ് കോൺസ്റ്റബിളായ സഹോദരൻ നിഖിൽ മാധ്യമങ്ങളോടു പറഞ്ഞു. ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ അങ്കുർ കാജലിനെ മർദിച്ചു. മർദന വിവരം ഫോണിലൂടെ അങ്കുർ അറിയിച്ചതായും സഹോദരൻ പറഞ്ഞു.

അങ്കുറിന്റെ ബന്ധുക്കള്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായി കാജലിന്റെ ബന്ധുക്കൾ ആരോപിച്ചു. അറസ്റ്റ് ചെയ്ത അങ്കുറിനെ റിമാൻഡ് ചെയ്തു. കാജൽ ചൗധരി 2022ലാണ് ഡൽഹി പൊലീസിൽ ചേർന്നത്. 2023ലാണ് വിവാഹം കഴിഞ്ഞത്. ഇരുവർക്കും ഒന്നര വയസ്സുള്ള മകനുണ്ട്.