ഗുണ്ടൂർ: ആന്ധ്രാപ്രദേശിൽ ആൺസുഹൃത്തിന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ഗുണ്ടൂർ ജില്ലയിലായിരുന്നു സംഭവം. വ്യാപാരിയായ ലോകം ശിവ നാഗരാജുവിന്റെ കൊലപാതകത്തിൽ ഭാര്യ ലക്ഷ്മി മാധുരിയാണ് അറസ്റ്റിലായത്.
ഗോപി എന്നയാളുമായി ഇവർക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സംഭവ ദിവസം രാത്രിയിൽ, നാഗരാജുവിനായി മാധുരി ബിരിയാണി തയ്യാറാക്കി. ഭർത്താവിന് നൽകിയ ഭക്ഷണത്തിൽ മാധുരി ഉറക്കഗുളിക കലർത്തിയിരുന്നു. ഭക്ഷണം കഴിച്ചതിനു പിന്നാലെ നാഗരാജു ഉറക്കത്തിലായി. രാത്രി 11.30ഓടെ, മാധുരിയുടെ ആൺസുഹൃത്ത് ഗോപി ഇവരുടെ വീട്ടിലെത്തി. ഇയാൾ നാഗരാജുവിന്റെ നെഞ്ചിലിരുന്ന് അയാളെ അനങ്ങാൻ സാധിക്കാത്തവിധത്തിലാക്കി. ഈസമയം മാധുരി തലയിണ ഉപയോഗിച്ച് ഭർത്താവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. നാഗരാജുവിന്റെ മരണം ഉറപ്പാക്കിയ ശേഷം ഗോപി വീട്ടിൽ നിന്ന് പോയി.
ഭർത്താവ് മരിച്ച വിവരം ആരെയും അറിയിക്കാതെ മാധുരി ആ രാത്രി മുഴുവൻ വീട്ടിൽ കഴിഞ്ഞു. ഈ സമയം ഭർത്താവിന്റെ മൃതദേഹത്തിന് സമീപം ഇരുന്നുകൊണ്ട് അവർ പോൺ വീഡിയോകൾ കണ്ടതായും പൊലീസ് പറഞ്ഞു. ഒടുവിൽ പുലർച്ചെ നാലുമണിയോടെയാണ് നാഗരാജു ഹൃദയാഘാതം മൂലം മരിച്ചെന്ന് മാധുരി അയൽക്കാരെ അറിയിക്കുന്നത്. എന്നാൽ, യുവതിയുടെ പരസ്പര വിരുദ്ധമായ സംസാരത്തിൽ നാട്ടുകാർക്ക് സംശയമായി.
നാഗരാജുവിന്റെ ചെവിക്ക് സമീപം രക്തക്കറകളും ശരീരത്തിൽ മുറിവുകളും കണ്ട സുഹൃത്തുക്കൾ ഉടൻ തന്നെ ഇക്കാര്യം കുടുംബാംഗങ്ങളെയും പൊലീസിനെയും അറിയിച്ചു. തുടർന്ന് പോസ്റ്റുമോർട്ടത്തിൽ നാഗരാജുവിന്റെ മരണം ശ്വാസംമുട്ടിയാണെന്ന് സ്ഥിരീകരിച്ചു. നെഞ്ചിലെ എല്ലുകൾ ഒടിഞ്ഞതായും കണ്ടെത്തി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ, മാധുരി കുറ്റം സമ്മതിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.





