കോഴിക്കോട്: സോഷ്യൽ മീഡിയയിലെ ഒരു വീഡിയോ പ്രഹരം ഒരാളുടെ ജീവനെടുത്തപ്പോൾ, ആ കേസിൽ പ്രതിയായ പെൺകുട്ടിയുടെ അറസ്റ്റ് പോലീസിന്റെ അതീവ രഹസ്യമായ നീക്കങ്ങളിലൊന്നായി മാറി. പാലക്കാട് തൃത്താല സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ പ്രതിയായ ഷിംജിത മുസ്തഫയെ പിടികൂടാൻ പോലീസ് സ്വീകരിച്ചത് സിനിമയെ വെല്ലുന്ന നാടകീയ നീക്കങ്ങളാണ്.
സാധാരണ ക്രിമിനൽ കേസുകളിലെ പോലെ പോലീസ് ജീപ്പോ സൈറണോ ഈ അറസ്റ്റിനുണ്ടായിരുന്നില്ല. മെഡിക്കൽ കോളജ് എസ് ഐ വി ആർ അരുണിന്റെ സ്വകാര്യ കാറിലാണ് പോലീസ് സംഘം വടകരയിലേക്ക് തിരിച്ചത്. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ച ഷിംജിത, വിധി വരുന്നത് വരെ ബന്ധുവീട്ടിൽ സുരക്ഷിതയായിരിക്കുമെന്ന് കരുതിയിടത്താണ് പോലീസ് തന്ത്രം മാറ്റിയത്. മഫ്തിയിലെത്തിയ സംഘം ഒട്ടും ഒച്ചപ്പാടുണ്ടാക്കാതെ ഷിംജിതയെ കസ്റ്റഡിയിലെടുത്ത് അതേ സ്വകാര്യ കാറിൽ തന്നെ കൊയിലാണ്ടിയിലേക്ക് തിരിച്ചു.
ഷിംജിതയെ മെഡിക്കൽ കോളജ് സ്റ്റേഷനിൽ എത്തിക്കുമെന്ന വാർത്ത പരന്നതോടെ വൻ ജനക്കൂട്ടമാണ് അവിടെ തടിച്ചുകൂടിയത്. പ്രതിക്കെതിരെ വലിയ തോതിലുള്ള ജനരോഷം നിലനിൽക്കുന്നതിനാൽ ക്രമസമാധാന പ്രശ്നം ഒഴിവാക്കുക എന്നതായിരുന്നു പോലീസിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ മെഡിക്കൽ കോളജ് സ്റ്റേഷനിലേക്ക് പോകാതെ, പ്രതിയെ നേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. തൊട്ടുപിന്നാലെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കി മഞ്ചേരി ജയിലിലേക്ക് മാറ്റുകയും ചെയ്തു.
