യുഡിഎഫ് ചവിട്ടി പുറത്താക്കിയപ്പോൾ ചേർത്ത് പിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ; ഇടത് മുന്നണിയിൽ തന്നെ തുടരുമെന്ന് ജോസ് കെ. മാണി

0
29

പത്തനംതിട്ട: കേരളാ കോൺഗ്രസ് എം ഇടത് മുന്നണിയിൽ തുടരുമെന്ന് ഊട്ടിയുറപ്പിച്ച് ജോസ് കെ. മാണി. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

മുന്നണി മാറ്റം തുറക്കാത്ത അധ്യായമാണെന്നും യുഡിഎഫ് ചവിട്ടി പുറത്താക്കിയപ്പോൾ ചേർത്ത് പിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട്. നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റെങ്കിലും കിട്ടണമെന്ന് ആവശ്യപ്പെടുമെന്നും എൽഡിഎഫിൻ്റെ മധ്യമേഖലാ ജാഥയിൽ താനുണ്ടാകുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 13 സീറ്റ് ഉണ്ടായിരുന്നു. ഇത്തവണ കൂടുതൽ സീറ്റുകൾ ചോദിക്കും. കഴിഞ്ഞ അഞ്ച് വർഷകാലത്തെ കേരള കോൺഗ്രസ് എന്ത് ചെയ്തു എന്നത് സോഷ്യൽ ഓഡിറ്റ് ചെയ്താൽ പ്രതിപക്ഷത്തെക്കാൾ ഇടപെടൽ നടത്തിയതായി കാണാം. ബഫർ സോൺ അടക്കം വിഷയങ്ങളിൽ ഇടപെടൽ നടത്തി. വനം വന്യ ജീവി പ്രശ്നങ്ങളിൽ കർഷകൾക്ക് വേണ്ടി ഇടപെടൽ നടത്തി. വനം വകുപ്പിനെ തന്നെ പലതവണ തിരുത്തി. റബർ വിലയിൽ ഇടപെട്ടവെന്നും ജോസ് കെ. മാണി പറഞ്ഞു.

അധ്യാപക നിയമത്തിലെ നിയമപരമായ തടസം മാറ്റാൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിൽ കന്യാസ്ത്രികൾക്കായി ഇടപെടൽ നടത്തിയത് ഇടതുപക്ഷമാണ്. മുനമ്പം വിഷയത്തിൽ ആദ്യമായി ഇടപെട്ട പാർട്ടി കേരള കോൺഗ്രസാണ്. വഖഫ് വിഷയത്തിലെ ഭേദഗതിയിലും പാർട്ടി ശരിയായ നിലപാടെടുത്തു. അഞ്ച് വർഷം പ്രതിപക്ഷത്തെക്കാൾ വിഷയങ്ങൾ ഏറ്റെടുത്ത് പരിഹാരം കണ്ടെത്തി. എന്നാൽ ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലന്ന സ്വയം വിമർശനം ഉൾക്കൊള്ളുന്നുവെന്നും ജോസ് കെ. മാണി പറ‍ഞ്ഞു.