വർഷങ്ങളായുള്ള ആഗ്രഹം സാധിച്ചു; ആദ്യമായി കടൽ കണ്ട് മുത്തച്ഛനും മുത്തശ്ശിയും

0
17

കുടുംബത്തോടൊപ്പമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനിഷ്ടപ്പെടുന്നവരുണ്ട്. കുടുംബവുമൊത്തുള്ള യാത്രയും വീട്ടിൽ നടന്ന ആഘോഷവുമെല്ലാം ഇത്തരം വീഡിയോകളിലുണ്ടാകാറുണ്ട്. മുംബൈയിൽ നിന്നുള്ള ദിവ്യാ താവ്‌ഡെ ഇതിൽ നിന്ന് അൽപം വ്യത്യസ്തമായൊരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. കാഴ്ച്ചക്കാരുടെ ഹൃദയം നിറയ്ക്കുന്ന നിമിഷങ്ങളാണ് ആ വീഡിയോയിലുള്ളത്.

മുത്തച്ഛനേയും മുത്തശ്ശിയേയും ആദ്യമായി കടൽ കാണിക്കാൻ കൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. മുത്തച്ഛനും മുത്തശ്ശിയും കടൽതീരത്ത് കൈ കോർത്തു പിടിച്ച് നിൽക്കുന്നതും തിരമാലകൾ കാലിൽ തൊടുമ്പോൾ നിഷ്‌കളങ്കമായി ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഇതൊരു ബീച്ച് ഔട്ടിങ് അല്ലായിരുന്നുവെന്നും മുത്തച്ഛന്റേയും മുത്തശ്ശിയുടേയും ദീർഘകാലത്തെ ആഗ്രഹം നിറവേറ്റുന്നതായിരുന്നുവെന്നും ദിവ്യ വീഡിയോയ്‌ക്കൊപ്പം കുറിച്ചു. ഈ നിമിഷങ്ങൾ എന്നും ഹൃദയത്തിൽ നിലനിൽക്കുമെന്നും അവർ പറയുന്നു.

ഇതുവരെ നാലര ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. യുവതിയെ അഭിനന്ദിച്ച് ഒട്ടേറെപ്പേർ കമന്റും ചെയ്തിട്ടുണ്ട്. പ്രായമായവരെ ഒപ്പം ചേർത്തുനിർത്തുന്നതും അവർക്ക് സന്തോഷം പകരുന്നതും കാണുമ്പോൾ കണ്ണ് നിറയുന്നുവെന്നാണ് ഒരാൾ കുറിച്ചത്.