അറസ്റ്റിലേക്ക് നയിച്ച പരാതി നൽകിയ അതിജീവിതയെ അഭിനന്ദിച്ച് നടി റിനി ആൻ ജോർജ്

0
152

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിലേക്ക് നയിച്ച പരാതി നൽകിയ അതിജീവിതയെ അഭിനന്ദിച്ച് നടി റിനി ആൻ ജോർജ്. ഇതിനെ ഇനിയും പൊതുസമൂഹം രാഷ്ട്രീയപ്രേരിതമായി കാണരുതെന്നും കൂടുതൽ അതിജീവിതമാർ പരാതിയുമായി മുന്നോട്ട് വരണമെന്നും റിനി മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു. അതിജീവിതമാർക്ക് ഉണ്ടായിരിക്കുന്ന പ്രശ്നം അവർക്ക് ഉണ്ടായിരിക്കുന്ന കുഞ്ഞുങ്ങളെ നിർബന്ധപൂർവം നശിപ്പിക്കേണ്ടതായി വന്നു എന്നുള്ളതാണെന്നും റിനി പറഞ്ഞു.

“ഇത്രയധികം സൈബർ ആക്രമണങ്ങൾ നേരിടുന്ന വിഷയമായിട്ടും ധൈര്യത്തോടെ മുന്നോട്ട് വന്നതിൽ ആ പെൺകുട്ടിക്ക് ഞാൻ അഭിനന്ദനം അറിയിക്കുകയാണ്. ആദ്യമേ പറഞ്ഞതാണ് ഇതൊരു രാഷ്ട്രീയപ്രേരിതമായ വിഷയമല്ല എന്നുള്ളത്. മൂന്നാമത്തെ പരാതി വന്ന സാഹചര്യം നമുക്കറിയാം. ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി അടുത്ത തെരഞ്ഞെടുപ്പിന് മൂന്ന് മാസത്തിന് ശേഷമെ ഉണ്ടാകുന്നുള്ളൂ. പിന്നെ ആരോപിക്കപ്പെട്ട വ്യക്തി പാർട്ടിക്ക് പുറത്താക്കപ്പെട്ടയാളാണ്. അപ്പോൾ രാഷ്ട്രീയപ്രേരിതമല്ല ഈ വിഷയമെന്നതാണ് വ്യക്തമാകുന്നത്,” റിനി പറഞ്ഞു.

“ഇത് സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ പൊതുമധ്യത്തിൽ ഉന്നയിച്ച കാര്യമാണ്. ഇതിൽ പലരും വിചാരിക്കുന്നത് രണ്ടുപേർ തമ്മിൽ ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും, അതിന് ശേഷം പരാതി നൽകുകയും ചെയ്യുന്നു എന്നത് മാത്രമാണ്. അതിനേക്കാൾ അതിജീവിതമാർക്ക് ഉണ്ടായിരിക്കുന്ന പ്രശ്നം അവർക്ക് ഉണ്ടായിരിക്കുന്ന കുഞ്ഞുങ്ങളെ നിർബന്ധപൂർവം നശിപ്പിക്കേണ്ടതായി വന്നു എന്നുള്ളതാണ്,” റിനി മാധ്യമങ്ങളോട് പറഞ്ഞു.