ഇന്ദോർ: പശുവിന്റെ മൂത്രവും ചാണകവും അടക്കമുള്ള വസ്തുക്കൾ ഉപയോഗിച്ച് കാൻസർ ചികിത്സയ്ക്കുള്ള മരുന്ന് വികസിപ്പിക്കാൻ സർക്കാർ ധനസഹായത്തോടെ മധ്യപ്രദേശ് നടത്തിയ ഗവേഷണ സംരംഭം വിവാദത്തിൽ.
ഏകദേശം ഒരു ദശാബ്ദക്കാലമായി ആരംഭിച്ച ഗവേഷണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും സംശയാസ്പദമായ ചെലവുകളും പുറത്തുവന്നതോടെയാണ് സംഭവം വിവാദമായിരിക്കുന്നത്.
ജില്ലാ അധികാരികൾക്ക് ലഭിച്ച ഒരു പരാതിയെ തുടർന്ന് പദ്ധതിയുടെ നടത്തിപ്പ് പരിശോധിക്കാൻ ഡിവിഷണൽ കമ്മീഷണർ ഉത്തരവിട്ടു. ദീർഘകാലമായി നടന്നുവരുന്ന ഈ ഗവേഷണത്തിന്റെ ചെലവിടൽ രീതികളും അതിന്റെ ഫലങ്ങളും പരിശോധിക്കാൻ ഡിവിഷണൽ കമ്മീഷണർ അഡീഷണൽ കളക്ടറുടെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു.
2011-ൽ ജബൽപുരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് യൂണിവേഴ്‌സിറ്റിയിൽ ആരംഭിച്ച പദ്ധതിയാണിത്. കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾക്കുള്ള ചികിത്സയ്ക്കായി പശുവിന്റെ ചാണകം, ഗോമൂത്രം, പാലുൽപ്പന്നങ്ങൾ എന്നിവ സംയോജിപ്പിച്ച് പരമ്പരാഗതമായി തയ്യാറാക്കുന്ന പഞ്ചഗവ്യത്തെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. ഇതിനായി യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥർ തുടക്കത്തിൽ ഏകദേശം എട്ടു കോടി രൂപയുടെ ധനസഹായം നിർദേശിച്ചപ്പോൾ, സംസ്ഥാന സർക്കാർ 3.5 കോടി രൂപ അനുവദിച്ചിരുന്നു.
അന്വേഷണ സംഘം തങ്ങളുടെ കണ്ടെത്തലുകൾ കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളും ശാസ്ത്രീയ ഉൽപ്പാദനക്ഷമതയുമെല്ലാം അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിച്ചിരുന്നു. ഗവേഷണവുമായി ബന്ധപ്പെട്ട ചെലവുകൾ വളരെ ഉയർന്ന നിലയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല ഗവേഷണവുമായി യതൊരു ബന്ധവുമില്ലാത്ത വസ്തുക്കൾ വരെ ചെലവിന്റെ പട്ടികയിലുണ്ട്.





