കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയെ ഉയർത്തിക്കാട്ടി ഇസ്ലാമോഫോബിയ പ്രചരിപ്പിക്കരുതെന്ന് എസ്കെഎസ്എസ്എഫ്. ജമാഅത്തെ ഇസ്ലാമിയെ സമസ്ത എല്ലാ കാലവും എതിർത്തിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരരുതെന്ന് എസ്കെഎസ്എസ്എഫ് ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്ലാമിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരരുതെന്നും വിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും എസ്കെഎസ്എസ്എഫ് ആവശ്യപ്പെട്ടു.
തൃശൂർ പട്ടിക്കാട് ജാമിഅ നൂരീയ്യയിൽ ചേർന്ന എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ആവശ്യം ഉയർന്നത്. അവരുടെ അപകടകരമായ ആശയങ്ങളെ ജമാഅത്ത് രൂപീകരണ കാലം മുതൽ സമസ്തയും മറ്റു മുസ്ലിം സംഘടനകളും എതിർത്തിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നുമുണ്ട്. മുസ്ലിം പൊതുവേദികളിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിരുന്ന ജമാഅത്തിനെ സമുദായത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ ആര് ശ്രമിച്ചാലും അനുവദിക്കുകയുമില്ല. അവർക്ക് സമുദായ മുഖ്യധാരയിൽ ഇടം നൽകുന്നവർ വിദ്വേഷ പ്രചാരകർക്ക് അവസരം നൽകുകയാണ്. എന്നാൽ ജമാഅത്തിനെ മറയാക്കി സമുദായത്തെ മൊത്തത്തിൽ തെറ്റുധരിപ്പിക്കാനുള്ള ഗൂഢനീക്കം തടയാൻ സമുദായം ജാഗ്രത കാണിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാനങ്ങളിൽ മൃതു ഹിന്ദുത്വ സമീപനം സ്വീകരിച്ച മതേതര പാർട്ടികൾ അതിന്റെ തിക്തഫലം അനുഭവിച്ചതാണ്. വർഗീയതക്ക് ഒരു കാലത്തും ഇടം നൽകാത്ത കേരളത്തിൽ അത്തരം പരീക്ഷണങ്ങൾ ആര് നടത്തിയാലും അതിനെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണം. അടിസ്ഥാന രഹിതമായ വാദങ്ങളുയർത്തി നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശൻ സൗഹൃദ കേരളത്തിലെ സ്ഥിരം ശല്യക്കാരനായി മാറിയിരിക്കുകയാണ്. ഇദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ട്. അതിന് പകരം, വിദ്വേഷ പ്രചാരകർക്ക് ശക്തി പകരുന്ന വിധത്തിൽ സംഘ് പരിവാർ ഭാഷയിൽ സംസാരിക്കാൻ ചില നേതാക്കളെ തുറന്ന് വിടുന്ന രീതി ഒട്ടും ശരിയല്ലെന്നും യോഗം ചൂണ്ടിക്കാട്ടി.





