കുഞ്ഞിൻ്റെ അസുഖത്തിന് കാരണം മന്ത്രവാദമെന്ന് ആരോപണം; യുവതിയെ മർദിച്ചു കൊന്ന് അയൽക്കാർ

0
30

ബിഹാറിൽ വീണ്ടും നിപരാധിയായ യുവതിയുടെ ജീവനെടുത്ത് അന്ധവിശ്വാസം. മന്ത്രവാദം ആരോപിച്ച് 35 വയസുള്ള കിരൺ ദേവി എന്ന സ്ത്രീയെയാണ് അയൽക്കാർഡ ചേർന്ന് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ മറ്റ് രണ്ട് സ്ത്രീകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ബിഹാറിലെ നവാഡ ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. അയൽക്കാരനായ മുകേഷ് ചൗധരിയുടെ കുട്ടിയുടെ അസുഖത്തിന് കാരണം കിരൺ ദേവിയാണെന്നുള്ള സംശയമാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചത്. കിരൺ ദേവി മന്ത്രവാദം ചെയ്തതിനെ തുടർന്നാണ് കുട്ടിക്ക് അസുഖം വന്നതെന്ന് ഇവർ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു.

കുടുംബാംഗങ്ങള്‍ക്കുമെതിരെ കുറ്റം ചുമത്തി
മുകേഷ് ചൗധരി ബന്ധുക്കളായ മഹേന്ദ്ര ചൗധരി, നടു ചൗധരി, ശോഭ ദേവി എന്നിവർ ചേർന്ന് കിരൺ ദേവിയെ ഇഷ്ടികയും കല്ലുകളും ഇരുമ്പു ദണ്ഡും ഉപയോഗിച്ച് അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. കിരൺ ദേവിയുടെ ബന്ധുക്കളായ രണ്ടു സ്ത്രീകൾക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റ സ്ത്രീകളെ ഉടൻ തന്നെ സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രഥമശുശ്രൂഷ നൽകിയ ശേഷം അമിതമായ രക്തസ്രാവം കണ്ടതിനെത്തുടർന്ന് അവരെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ കിരൺ ദേവി വഴിമധ്യേ മരിച്ചു. കിരൺ ദേവിക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമാണുള്ളത്.

പ്രദേശത്തെ രണ്ട് കുടുംബങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നുവെന്നും ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും നവാഡയിലെ രജൗളി സ്റ്റേഷൻ ഹൗസ് ഓഫീസർ രഞ്ജിത് കുമാർ പറഞ്ഞു. മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.