അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സ്പേസ് എക്സ് ക്രൂ-11 ദൗത്യം വെട്ടിച്ചുരുക്കി നാസ. ക്രൂ അംഗങ്ങളിലൊരാള്‍ ഗുരുതര ആരോഗ്യപ്രശ്നം നേരിടുന്നതിനെ തുടർന്നാണ് തീരുമാനമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ അറിയിച്ചു. നാസയുടെ 65 വർഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് മെഡിക്കല്‍ എമർജന്‍സി മൂലം ബഹിരാകാശ യാത്രികരെ ഒഴിപ്പിക്കുന്നത്.
“ഓർബിറ്റൽ ലബോറട്ടറിയിൽ താമസിച്ച് ജോലി ചെയ്യുന്ന ക്രൂ അംഗവുമായി ബന്ധപ്പെട്ട ഒരു മെഡിക്കൽ പ്രശ്‌നം ടീമുകൾ നിരീക്ഷിക്കുന്നതിനാൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഏജൻസിയുടെ സ്‌പേസ് എക്സ് ക്രൂ-11 ദൗത്യം ആദ്യം ആസൂത്രണം ചെയ്തതിലും നേരത്തെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നു” എന്നായിരുന്നു നാസയുടെ പ്രഖ്യാപനം.
നാസയുടെ സെന കാർഡ്മാൻ, മൈക്ക് ഫിൻകെ, ജപ്പാന്‍റെ ജാക്സ ബഹിരാകാശ ഏജൻസിയില്‍ നിന്നുള്ള കിമിയ യുയി, റഷ്യൻ ബഹിരാകാശയാത്രികൻ ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് ക്രൂ അംഗങ്ങള്‍. ഓഗസ്റ്റില്‍ ദൗത്യം ആരംഭിച്ച സംഘം അടുത്തമാസമാണ് മടങ്ങേണ്ടിയിരുന്നത്. പുതിയ സാഹചര്യത്തില്‍ ഒരു അമേരിക്കന്‍ ബഹിരാകാശ യാത്രികന്‍ മാത്രം ഐഎസ്എസില്‍ തുടരും.
അതേ സമയം ക്രൂ-12 ദൗത്യത്തിനായുള്ള വിക്ഷേപണ അവസരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഓപ്ഷനുകൾ പരിശോധിക്കുന്നതിനും മടങ്ങിവരുന്ന തീയതി ഷെഡ്യൂൾ ചെയ്യുന്നതിനുമുള്ള പദ്ധതികൾ അവലോകനം ചെയ്യുകയാണ് നാസ ഇപ്പോൾ.
