രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്; തെളിവെടുപ്പിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ലൈംഗികാതിക്രമ കേസിലെ തെളിവെടുപ്പില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. തിരുവല്ല ഡിവൈഎസ്പി എസ് നന്ദകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

തെളിവെടുപ്പ് സമയത്ത് ഡിവൈഎസ്പി സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. പ്രത്യേക നിര്‍ദേശമുണ്ടായിട്ടും ഡിവൈഎസ്പി എത്തിയില്ലെന്നും വേണ്ട മുന്‍കരുതലുകള്‍ എടുത്തില്ലെന്നുമാണ് കണ്ടെത്തല്‍.

എസ് നന്ദകുമാറിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നും വിശദമാക്കിയിട്ടുണ്ട്. ഡിജിപിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവല്ലയില്‍ എത്തിച്ചുള്ള തെളിവെടുപ്പിലാണ് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ ഡിജിപി തീരുമാനിക്കും.

അതേസമയം ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും സമയം ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് രാഹുല്‍ കോടതിയോട് സമയം ചോദിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.

ബെംഗളുരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാം പീഡനക്കേസില്‍ രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിച്ചിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് രാഹുല്‍ അതിജീവിതയെ വാട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. സാക്ഷികളെയോ പരാതിക്കാരിയെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നത് അടക്കം കര്‍ശന ഉപാധിയോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.

….