യുഎസ് കൂടുതൽ സൈനിക നടപടികളിലേക്ക്; ബ്രിട്ടനിൽ വൻ തോതിൽ സൈനിക വിമാനങ്ങൾ ലാൻഡ് ചെയ്യുന്നു…..

0
175

ലണ്ടൻ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും രാജ്യത്തു നിന്ന് പിടിച്ചു കൊണ്ടുപോയതിന് പിന്നാലെ യുഎസ് കൂടുതൽ സൈനിക നടപടികളിലേക്ക് കടക്കുന്നതായി റിപ്പോർട്ട്.

ശനിയാഴ്ച മുതൽ വൻതോതിൽ യുഎസിന്റെ സൈനിക വിമാനങ്ങൾ ബ്രിട്ടനിൽ ലാൻഡ് ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 14 സി-17 ഗ്ലോബ്മാസ്റ്റർ-3 കാർഗോ ജെറ്റുകളും 2 സായുധ എസി-130ജെ ഗോസ്റ്റ്‌റൈഡർ ഗൺഷിപ്പുകളും ബ്രിട്ടനിലെ വിവിധ സൈനിക കേന്ദ്രങ്ങളിൽ ഇറങ്ങിയതായാണ് റിപ്പോർട്ട്. 

ലാൻഡ് ചെയ്തിരിക്കുന്ന ഗോസ്റ്റ്‌റൈഡറിന് പീരങ്കികൾ, ബോംബുകൾ, മിസൈലുകൾ എന്നിവ വഹിക്കാൻ ശേഷിയുള്ളതാണ്. ഗ്ലോബ്മാസ്റ്ററിൽ എത്തിച്ചതായി കരുതുന്ന 5 എംഎച്ച്-60എം ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഒരു എംഎച്ച്-47ജി ചിനൂക്കും ബ്രിട്ടീഷ് ഹാംഗറുകളിൽ എത്തിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. യുകെയുടെ പ്രധാന പ്രതിരോധ, സുരക്ഷാ പങ്കാളിയാണ് യുഎസ്.

ബുധനാഴ്ച വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വച്ച് റഷ്യൻ പതാകയുള്ള എണ്ണ ടാങ്കർ മരിനീര പിടിച്ചെടുക്കാൻ വേണ്ടിയായിരുന്നു സൈനിക സജ്ജീകരണം നടത്തിയതെന്നും സൂചനയുണ്ട്. നാറ്റോ സ്റ്റാറ്റസ് ഓഫ് ഫോഴ്‌സ് എഗ്രിമെന്റ്, വിസിറ്റിങ് ഫോഴ്‌സ് ആക്റ്റ് തുടങ്ങിയ നിരവധി ദേശീയ, രാജ്യാന്തര കരാറുകൾക്ക് കീഴിലാണ് യുകെയിൽ യുഎസിന്റെ സൈനിക താവളങ്ങൾ പ്രവർത്തിക്കുന്നത്.