കസ്റ്റഡിയിലെടുക്കുന്നതിനിടെ മർദിച്ചു, വസ്ത്രങ്ങൾ വലിച്ചുകീറി; പോലീസിനെതിരെ ആരോപണവുമായി ബിജെപി പ്രവർത്തക

0
93

ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് ബിജെപി പ്രവർത്തകയെ മർദിച്ചതായും വസ്ത്രങ്ങൾ വലിച്ചുകീറിയതായും പരാതി. സംഭവത്തിൻ്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഒരു ബസിൽ വച്ച് വനിതാ പൊലീസുകാരുൾപ്പെടെ ചേർന്ന് വനിതാ പ്രവർത്തകയെ വളയുകയും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഇതിനെ എതിർത്തതോടെ പൊലീസ് തന്നെ ആക്രമിച്ചതായും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തുവെന്നുമാണ് യുവതിയുടെ ആരോപണം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മേഖലയിൽ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾ ഉടലെടുത്തിട്ടുണ്ട്.

കോൺഗ്രസ് കോർപ്പറേറ്റർ സുവർണ കല്ലകുണ്ട്‌ല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ വനിതാ പ്രവർത്തകയെ കസ്റ്റഡിയിലെടുക്കാൻ എത്തിയതെന്നാണ് പ്രാഥമിക വിവരം. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് ചില പേരുകൾ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരെ സഹായിച്ചു എന്നാരോപിച്ചാണ് കോൺഗ്രസ് പരാതി നൽകിയത്. എന്നാൽ ഈ ആരോപണം ഇവർ നിഷേധിച്ചിട്ടുണ്ട്.