പുതുവത്സരാഘോഷം: തലസ്ഥാനത്ത് DJ പാർട്ടികളിൽ ഗുണ്ടകൾക്ക് വിലക്ക്

0
128

തിരുവനന്തപുരം: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് സംസ്ഥാന സർക്കാർ. തലസ്ഥാനത്ത് ഡിജെ പാർട്ടികളിൽ ഗുണ്ടകൾക്ക് വിലക്ക് ഏർപ്പെടുത്തി പോലീസ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.

ഗുണ്ടാ ലിസ്റ്റിൽപെട്ട ആളുകളെ ഡിജെ പാർട്ടികളിൽ പങ്കെടുപ്പിക്കരുത്. അങ്ങനെയുള്ളവരെ പങ്കെടുപ്പിച്ചാൽ, അത് ശ്രദ്ധയിൽപെട്ടാൽ പോലീസിനെ വിവരമറിയിക്കണം എന്നുമാണ് നിർദേശം. നാടെങ്ങും പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. തിരുവനന്തപുരം സിറ്റിയിൽ ഉടനീളം ഇത്തരം ആഗോഷപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

സുരക്ഷിതമായുള്ള ആഘോഷങ്ങൾക്കായുള്ള മാർഗനിർദേശങ്ങളാണ് തിരുവനന്തപുരം സിറ്റി പോലീസ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങൾക്കായി 1200 പോലീസുകാരെയാണ് നഗരത്തിന്റെ സുരക്ഷയ്ക്കായി വിന്യസിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഹോട്ടലുകളിലും സ്ഥാപനങ്ങളിലും ഡിജെ പാർട്ടി നടത്തുമ്പോൾ അനുമതി തേടണമെന്നും, അനുമതി ലഭിക്കാത്തവരെ ഡിജെ നടത്താൻ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. ഈ ലിസ്റ്റിലെ പ്രധാനപ്പെട്ട ഒരു നിർദേശമാണ്, ഇത്തരം ഡിജെ പാർട്ടികളിൽ ഗുണ്ടാ ലിസ്റ്റിലോ കാപ്പാ കേസുകളിലോ ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ പശ്ചാത്തലമുള്ളവരെ പങ്കെടുപ്പിക്കരുത് എന്നത്.

ഇത്തരം ഡിജെ പാർട്ടികളിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ വിളിക്കരുതെന്നും നിർദേശമുണ്ട്. അങ്ങനെ ആരെങ്കിലും പങ്കെടുക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ അതിന്റെ ഉത്തരവാദിത്തം ഡിജെ പാർട്ടി നടത്തിപ്പുകാർക്ക് ആയിരിക്കും. ഇത്തരം പാർട്ടികളിൽ പങ്കെടുക്കാൻ വരുന്നവരുടെ പേരുവിവരം എഴുതി സൂക്ഷിക്കണം, അവരെ പരിശോധിക്കണം, ആയുധങ്ങൾ കൈവശം വെച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തണം എന്നും നിർദേശമുണ്ട്.

ലഹരി ഉപയോഗം സംബന്ധിച്ചും പോലീസ് കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. അടുത്തിടെ ചില ഡിജെ പാർട്ടികളിൽ ഗുണ്ടകൾ പങ്കെടുക്കുകയും പരിപാടി അലങ്കോലമാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ നിർദേശം. പുതുവർഷാഘോഷത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി പങ്കെടുക്കാൻ കഴിയണം എന്നതാണ് ലക്ഷ്യമിടുന്നതെന്നും പോലീസ് പറഞ്ഞു.