നിയമലംഘനം‌ നടപടി കടുപ്പിച്ച് അഡെക്: സ്കൂളുകൾക്ക് പിടിവീഴും‌

0
129

അബുദാബി: വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച സ്വകാര്യ സ്കൂളുകൾക്കെതിരെ നടപടി കടുപ്പിച്ച് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്). നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ചു സ്കൂളുകൾക്ക് 5,000 മുതൽ 1.5 ലക്ഷം ദിർഹം വരെ പിഴ ചുമത്തും.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, അധ്യാപകരുടെയോ ജീവനക്കാരുടെയോ നിയമനത്തിൽ ചട്ടങ്ങൾ ലംഘിക്കുക തുടങ്ങി സ്കൂൾ മാനേജ്‌മെന്റിന്റെ 42 വീഴ്ചകൾക്കു കനത്ത പിഴ ചുമത്തും.

മുന്നറിയിപ്പു നൽകിയിട്ടും നിയമലംഘനം ആവർത്തിക്കുന്ന സ്കൂളുകൾ ഇരട്ടി പിഴ അടയ്ക്കേണ്ടിവരും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി കർശനമാക്കിയത്. എല്ലാ സ്വകാര്യ സ്കൂളുകളും അഡെക് നിശ്ചയിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

ആദ്യ തവണ നിയമം ലംഘിക്കുന്നവർക്ക് 5,000 ദിർഹമായിരിക്കും കുറഞ്ഞ പിഴ. ആവർത്തിച്ചാൽ 10,000 ദിർഹമായി വർധിക്കും. മൂന്നാമതും നിയമം ലംഘിച്ചാൽ 15,000 ദിർഹം പിഴ ചുമത്തും. മുന്നറിയിപ്പ് അവഗണിച്ചും നിയമലംഘനം തുടരുന്ന സ്ഥാപനങ്ങൾക്കു പരമാവധി ഒന്നര ലക്ഷം ദിർഹം വരെ പിഴ ചുമത്തും.

∙ നിയമലംഘനങ്ങൾ

അഡെക്കിന്റെ അംഗീകാരമില്ലാതെ സ്കൂൾ പ്രവർത്തനങ്ങൾ നടത്തുക, പാഠ്യപദ്ധതിയിൽ മാറ്റം വരുത്തുക, വിദ്യാർഥികളുടെ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വീഴ്ചകളുണ്ടാകുക, സ്കൂൾ ലൈസൻസിലെ നിബന്ധനകൾ ലംഘിക്കുക, മതിയായ യോഗ്യതയോ അഡെക്കിന്റെ അംഗീകാരമോ ഇല്ലാതെ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുക, അനുമതിയില്ലാതെ സ്കൂൾ ഫീസ് വർധിപ്പിക്കുക, സ്കൂൾ പരിസരത്തെ ശുചിത്വം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പാലിക്കാതിരിക്കുക, കൃത്യമായ റിപ്പോർട്ടുകൾ നൽകാതിരിക്കുകയോ തെറ്റായ വിവരങ്ങൾ സമർപ്പിക്കുകയോ ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾക്കു കടുത്ത ശിക്ഷ നേരിടേണ്ടിവരും.

∙ നടപടി ഘട്ടങ്ങൾ

നിയമലംഘനം കണ്ടെത്തിയാൽ ആദ്യം തവണ മുന്നറിയിപ്പു നൽകും. നിശ്ചിത സമയത്തിനുള്ളിൽ തിരുത്തിയില്ലെങ്കിൽ പിഴ ഈടാക്കും. നിയമലംഘനം തുടർന്നാൽ സ്കൂൾ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്കു കടക്കും.