കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ പിഞ്ചു കുഞ്ഞുങ്ങൾക്ക് പാലിൽ വിഷം നൽകിയ ശേഷമാണ് അച്ഛനും മുത്തശ്ശിയും തൂങ്ങി മരിച്ചതെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയാണ് രാമന്തളി വടക്കുമ്പാട് റോഡിനു സമീപത്തെ കൊയിത്തട്ട താഴത്തെ വീട്ടിൽ കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുതിർന്നവർ രണ്ടു പേരും തൂങ്ങിമരിച്ച നിലയിലും കുട്ടികൾ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു. മുറിയിലെ മേശയിൽ കീടനാശിനിയുടെ കുപ്പി പൊലീസ് കണ്ടെത്തിയിരുന്നു. പാലിൽ കീടനാശിനി കലർത്തി കുട്ടികൾക്കു നൽകിയെന്നാണ് പൊലീസിന്റെ നിഗമനം.
കൂട്ട ആത്മഹത്യയ്ക്കു പിന്നിൽ കലാധരന്റെ ഭാര്യയാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. കോടതി ഉത്തരവ് പ്രകാരം കുട്ടികളെ വിട്ടുകിട്ടാൻ നിരന്തരം ഭാര്യ ആവശ്യപ്പെടുമായിരുന്നു. നിരവധി തവണ പൊലീസിൽ പരാതി നൽകി ബുദ്ധിമുട്ടിച്ചു. കുട്ടികൾക്ക് അച്ഛന്റെ കൂടെ നിൽക്കാനായിരുന്നു താല്പര്യം. കുട്ടികളെ അവരുടെ അമ്മയുടെ കൂടെ വിട്ടയച്ചിട്ടും കുട്ടികൾ കലാധരന്റെ അടുത്തേക്ക് തിരിച്ചു വന്നു. എന്നാൽ കുട്ടികളെ വിട്ടുകിട്ടുന്നതിനായി വീണ്ടും പൊലീസ് മുഖേനെ കുടുംബത്തിന് മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഇതാണ് ജീവനൊടുക്കാൻ കാരണമായതെന്നു ബന്ധുവായ ബാലു ആരോപിച്ചു.
ഇന്നലെ രാത്രി ഒൻപതോടെ ഉഷയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലാണ് കണ്ടത്. വീടിനു മുന്നിൽ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. തുടർന്ന് ഉണ്ണികൃഷ്ണൻ കത്തുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പൊലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോൾ ഉഷയെയും കലാധരനെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും രണ്ടു മക്കളെ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തി. മൃതദേഹങ്ങൾ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.





