1500 രൂപയുടെ കൂപ്പൺ എടുത്താൽ സമ്മാനമായി 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും; മുൻ പ്രവാസി അറസ്റ്റിൽ

0
209

കണ്ണൂർ: 1500 രൂപയുടെ കൂപ്പൺ എടുത്താൽ സമ്മാനമായി 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്ത മുൻ പ്രവാസി അറസ്റ്റിൽ. കൂപ്പൺ വിറ്റ് നറുക്കെടുപ്പിനുള്ള തീയതിയും പ്രഖ്യാപിച്ചപ്പോഴാണ് ലോട്ടറി വകുപ്പിന്റെ പരാതിയിൽ പൊലീസ് ഇടപെടൽ. ജപ്തി നടപടികളിൽനിന്ന് രക്ഷപ്പെടാനും ഭാര്യയുടെ ചികിത്സ നടത്താനുമായാണ് കേളകം പഞ്ചായത്ത് അടയ്ക്കാത്തോട് കാട്ടുപാലം ബെന്നി തോമസ് വീടും സ്ഥലവും വാഹനങ്ങളും നറുക്കെടുപ്പിൽ വച്ചത്.

ശനിയാഴ്ചയായിരുന്നു നറുക്കെടുപ്പിന് തീയതി നിശ്ചയിച്ചത്. ഇതിനിടെ പൊലീസ് എത്തി ബെന്നിക്കെതിരെ കേസെടുക്കുകയും ബാക്കിയുണ്ടായിരുന്ന കൂപ്പണുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് ബെന്നിയെ അറസ്റ്റ് ചെയ്തത്. നറുക്കെടുപ്പിന് കൂപ്പൺ വിൽപ്പന തുടങ്ങിയപ്പോൾ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയെന്നും നറുക്കെടുപ്പുമായി മുന്നോട്ടു പോകുന്നതിൽ തടസ്സമില്ലെന്നും അറിയിച്ചതാണെന്നുമാണ് ബെന്നി പറയുന്നത്. കോടതിയിൽ ഹാജരാക്കിയ ബെന്നിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

സൗദി അറേബ്യയിലെ റിയാദിൽ 35 വർഷം ജോലി ചെയ്ത് സമ്പാദിച്ച പണം കൊണ്ടാണ് ബെന്നി അടയ്ക്കാത്തോട് വീടും സ്ഥലവും വാങ്ങിയത്. സൗദിയിൽ ഡ്രൈവറായിരുന്ന ബെന്നി പിന്നീട് മറ്റു രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുന്ന അൽവത്താനിയ കമ്പനിയിൽ ജോലിക്കു ചേർന്നു. 2016ൽ റിയാദിൽ സ്വന്തം സംരംഭമായി സ്പെയർപാർട്സ് കട തുടങ്ങി. ഒപ്പം നാട്ടിൽ കുറച്ചു കൃഷിയും ആരംഭിച്ചു.

ഇതിനെല്ലാമായി 55 ലക്ഷം രൂപ വായ്പയെടുത്തു. എന്നാൽ കോവിഡ് ലോക്‌ഡൗൺ വന്നതോടെ വായ്പാ തിരിച്ചടവു മുടങ്ങി. ലോക്‌‌ഡൗൺ മാറിയപ്പോൾ സൗദിയിലെ സ്പോൺസർ മരിച്ചു. പകരം മകൻ സ്പോൺസറായി വന്നു. ഒരുവിധം കാര്യങ്ങൾ േനരെയായി വരുന്നതിനിെട സ്പോൺസറെ കാണാതെയായി. ഇയാളെ കണ്ടെത്താനും വീസ പുതുക്കാനും സാധിക്കാതെ വന്നതോടെ കട പൂട്ടി. ഇതിനിടയിലാണു ഭാര്യയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്.

ചികിത്സയ്ക്കായി കയ്യിലുണ്ടായിരുന്ന പണമെല്ലാം തീർന്നു. കടം 85 ലക്ഷത്തിലധികമായി. ഭാര്യയുടെ ചികിത്സയ്ക്കായി 21 ദിവസം കൂടുമ്പോൾ 2.75 ലക്ഷം രൂപയോളം ആവശ്യമാണ്. വീടും സ്ഥലവും വിറ്റ് ചികിത്സയ്ക്കുള്ള പണം കണ്ടെത്താനും കടം വീട്ടാനും ശ്രമിച്ചെങ്കിലും വിൽപന നടക്കാതെ വന്നു. ഇതോടെയാണ് അറ്റകൈ പ്രയോഗമായി കൂപ്പൺ അടിച്ച് വിൽപ്പന നടത്താൻ തീരുമാനിച്ചത്. ഒന്നാം സമ്മാനം വീടും സ്ഥലവും രണ്ടാം സമ്മാനം യൂസ്ഡ് ഥാർ കാർ, മൂന്നാം സമ്മാനം യൂസ്ഡ് മാരുതി സെലേറിയോ കാർ, നാലാം സമ്മാനം പുതിയ എൻഫീൽ‍ഡ് ബുള്ളറ്റ് എന്നിവയാണ് പ്രഖ്യാപിച്ചത്. ഇതിനിടെ വീടും സ്ഥലവും വിൽപന നടത്താനും ശ്രമിച്ചുകൊണ്ടിരുന്നു. വിൽപന നടത്തിയാൽ കൂപ്പൺ വാങ്ങിച്ചവർക്ക് പണം തിരികെ നൽകാനായിരുന്നു തീരുമാനം. ഏക മകൾ പഠിക്കുകയാണ്. പഠനത്തിനായും വലിയ തുക ചെലവഴിക്കേണ്ടി വന്നു.