റജബ് മാസപ്പിറവി: ഗൾഫ് രാജ്യങ്ങളിൽ ഇന്ന് നിരീക്ഷണം; യുഎഇയിൽ ദൃശ്യമാകാൻ സാധ്യത കുറവ്

0
126

അബുദാബി: ഹിജ്റ വർഷം 1447ലെ റജബ് മാസപ്പിറവി നിരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മിക്ക ഇസ്‌ലാമിക രാജ്യങ്ങളും. ഇന്ന് (ശനി) സൂര്യാസ്തമയത്തിന് ശേഷം മാസപ്പിറവി നിരീക്ഷിക്കുമെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. 

ഹിജ്റ കലണ്ടറിലെ ഏഴാമത്തെ മാസമായ റജബ് ഇസ്‌ലാമിലെ പവിത്രമായ നാല് മാസങ്ങളിൽ ഒന്നാണ്. ആരാധനകൾ കൊണ്ടും പ്രാർഥനകൾ കൊണ്ടും വിശ്വാസികൾ ഈ മാസത്തെ ധന്യമാക്കുന്നു. വ്രതമാസമായ റമസാാനിലേക്കുള്ള ദൂരം കുറയുന്നുവെന്ന ആവേശകരമായ ഓർമപ്പെടുത്തൽ കൂടിയാണ് റജബിന്റെ വരവ്.

റജബും അതിനുശേഷം വരുന്ന ശഅബാനും പിന്നിട്ടാലാണ് സുകൃതങ്ങളുടെ മാസമായ റമസാൻ എത്തുന്നത്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന വലിയ വ്രതാനുഷ്ഠാനത്തിന് മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തുന്ന ഒരുക്കങ്ങളുടെ മാസമായി റജബിനെ വിശ്വാസികൾ കാണുന്നു. ‘റമസാനിലേക്കുള്ള വിളവെടുപ്പിനായി വിത്തുപാകുന്ന മാസമാണ് റജബ്’ എന്നാണ് പണ്ഡിതന്മാർ ഇതിനെ വിശേഷിപ്പിക്കാറുള്ളത്.

യുഎഇയിലെ സാഹചര്യം അബുദാബി ഉൾപ്പെടെയുള്ള ഗൾഫ് നഗരങ്ങളിൽ ഇന്ന് മാസപ്പിറവി ദൃശ്യമാകാൻ സാധ്യത കുറവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അബുദാബിയിൽ സൂര്യാസ്തമയത്തിന് ശേഷം വെറും 10 മിനിറ്റ് മാത്രമാണ് ചന്ദ്രൻ ആകാശത്ത് നിലനിൽക്കുക. നഗ്നനേത്രങ്ങൾ കൊണ്ടോ ടെലസ്കോപ്പ് വഴിയോ മാസപ്പിറവി കാണാൻ ചന്ദ്രൻ കുറഞ്ഞത് 29 മിനിറ്റെങ്കിലും ചക്രവാളത്തിൽ ദൃശ്യമാകേണ്ടതുണ്ട്. റിയാദ്, കയ്‌റോ, അമ്മാൻ തുടങ്ങിയ നഗരങ്ങളിലും സമാനമായ അവസ്ഥയാണുളളത്.

മറ്റു രാജ്യങ്ങളിൽ ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും തെക്കേ അമേരിക്കയിലും ടെലസ്കോപ്പിന്റെ സഹായത്തോടെ മാസപ്പിറവി കണ്ടേക്കാം. തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിലും പസഫിക് മേഖലയിലും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ നേരിയ സാധ്യതയുണ്ട്. ചില രാജ്യങ്ങളിൽ നാളെ (ഞായർ) റജബ് ഒന്നായി കലണ്ടറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം പ്രാദേശിക അധികൃതരുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ ഉണ്ടാകൂ.