ജോലിക്കിടയിൽ മദ്യപിച്ചെത്തി: ഇന്ത്യക്കാരനായ ഡോക്ടർക്കെതിരെ നടപടി

0
123

ലണ്ടൻ: ജോലിക്കിടെ മദ്യപിച്ചെത്തിയ ഇന്ത്യക്കാരനായ സർജനെ ഒൻപത് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ബ്രിട്ടനിലെ വാറിങ്ടൺ ആശുപത്രിയിൽ സർജിക്കൽ റജിസ്ട്രാറായി ജോലി ചെയ്തിരുന്ന ഡോ. വിവേക് വട്ടിക്കുട്ടിയാണ് അധികൃതർ സസ്പെൻഡ് ചെയ്തത്. ജൂനിയർ ഡോക്ടർമാരുടെ സമരത്തെത്തുടർന്നുണ്ടായ അധിക ജോലിഭാരവും മാനസിക സമ്മർദ്ദവുമാണ് തന്നെ മദ്യപാനത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർ ട്രിബ്യൂണലിനെ അറിയിച്ചത്.

2023 സെപ്റ്റംബർ 22ന് ആശുപത്രിയിൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിനിടെ, ഡോക്ടറുടെ ശ്വാസത്തിൽ നിന്ന് മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടതായി സഹപ്രവർത്തകർ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ രക്തപരിശോധനയിൽ ഇദ്ദേഹത്തിന്റെ രക്തത്തിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ (48mg/dl) മദ്യം കണ്ടെത്തി. ജോലിക്ക് എത്തുന്നതിന് മുൻപ് 750 മില്ലിലിറ്റർ വോഡ്ക കുപ്പിയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ഇദ്ദേഹം കുടിച്ചിരുന്നതായി മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ സർവീസ് കണ്ടെത്തി.

ജൂനിയർ ഡോക്ടർമാർ സമരത്തിലായിരുന്ന സമയത്ത് താൻ ഒറ്റയ്ക്കായിരുന്നു ജോലി ചെയ്തിരുന്നതെന്നും, അതിന്റെ ക്ഷീണവും കഠിനമായ ജോലിഭാരവും കാരണമാണ് മദ്യപിച്ചതെന്നും ഡോ. വിവേക് ട്രിബ്യൂണലിനോട് പറഞ്ഞു. തലേദിവസം രാത്രി ഒൻപത് മണിയോടെയാണ് മദ്യപിച്ചതെന്നും പിറ്റേന്ന് രാവിലെ ജോലിക്ക് പോകുമ്പോൾ താൻ മദ്യലഹരിയിലാണെന്ന് തോന്നിയിരുന്നില്ലെന്നും അദ്ദേഹം വാദിച്ചു. തന്റെ പ്രവർത്തിയിൽ കുറ്റബോധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രോഗികളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ മദ്യപിച്ചെത്തിയത് അതീവ ഗൗരവകരമായ വീഴ്ചയാണെന്ന് ട്രിബ്യൂണൽ വിലയിരുത്തി. തന്റെ പ്രവർത്തി സഹപ്രവർത്തകർക്കും രോഗികൾക്കും എത്രത്തോളം അപകടമുണ്ടാക്കുമായിരുന്നു എന്നതിനെക്കുറിച്ച് ഡോക്ടർക്ക് വലിയ ധാരണയില്ലായിരുന്നുവെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു.

ഇന്ത്യയിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ഡോ. വിവേക് കഴിഞ്ഞ പത്ത് വർഷമായി ബ്രിട്ടനിലെ എൻഎച്ച്എസിൽ സേവനമനുഷ്ഠിക്കുകയാണ്. ഇദ്ദേഹത്തിന്റെ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിലെ ആദ്യത്തെ വീഴ്ചയാണിതെന്നതും മുൻപ് മോശം പെരുമാറ്റങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും കണക്കിലെടുത്താണ് ഒമ്പത് മാസത്തെ സസ്പെൻഷൻ ശിക്ഷ വിധിച്ചത്.