സഞ്ജു സാംസൺ ട്വന്റി20 ലോകകപ്പ് കളിക്കും, ഇഷാൻ കിഷനും ടീമിൽ

0
11

മുംബൈ: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ലോകകപ്പ് കളിക്കും. ഇഷാൻ കിഷനാണ് മറ്റൊരു വിക്കറ്റ് കീപ്പർ. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ലോകകപ്പ് ടീമിൽനിന്നു പുറത്തായി. ഇതേ ടീം ന്യൂസീലൻഡിനെതിരായ പരമ്പരയും കളിക്കും.

ഗില്ലിന്റെ അഭാവത്തിൽ ഓൾറൗണ്ടർ അക്ഷർ പട്ടേലാണു വൈസ് ക്യാപ്റ്റൻ. മുംബൈയിൽ ബിസിസിഐ ഹെഡ് ക്വാർട്ടേഴ്സിൽ നടത്തിയ വാർത്താ സമ്മേളനത്തില്‍ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ, ചീഫ് സിലക്ടർ അജിത് അഗാര്‍ക്കർ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവർ ചേർന്നാണു ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്.

ട്വന്റി20 ഫോർമാറ്റിൽ ഗിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനാലാണ് ലോകകപ്പ് കളിക്കാത്തതെന്ന് അജിത് അഗാര്‍ക്കർ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ‘‘കഴിഞ്ഞ ലോകകപ്പും അദ്ദേഹത്തിനു നഷ്ടമായിരുന്നു. അദ്ദേഹം മികവുള്ള താരം തന്നെയാണ്. ആരെങ്കിലും ടീമിൽനിന്നു പുറത്തിരുന്നേ തീരൂ.

ഇന്ത്യൻ ടീമിൽ ഒരുപാട് ഓപ്ഷനുകൾ ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.’’– അഗാർക്കർ വ്യക്തമാക്കി. യുവതാരം യശസ്വി ജയ്സ്വാളിനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം– സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്ഷര്‍ പട്ടേൽ (വൈസ് ക്യാപ്റ്റൻ) അഭിഷേക് ശർമ, തിലക് വര്‍മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടന്‍ സുന്ദർ.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് ഇഷാൻ കിഷനെ ട്വന്റി20 ടീമിലേക്ക് തിരികെയെത്തിച്ചത്. വ്യാഴാഴ്ച പുണെയിൽ നടന്ന ഫൈനലിൽ 69 റൺസ് വിജയമാണ് ഹരിയാനയ്ക്കെതിരെ, ഇഷാൻ നയിച്ച ജാർഖണ്ഡ് ടീം സ്വന്തമാക്കിയത്. ഫൈനലിൽ 49 പന്തുകൾ നേരിട്ട ഇഷാൻ 101 റൺസാണ് അടിച്ചുകൂട്ടിയത്. 10 സിക്സുകള്‍ കലാശപ്പോരിൽ മാത്രം ഇഷാന്റെ ബാറ്റിൽനിന്ന് ഗാലറിയിലെത്തി.

ഫെബ്രുവരി ഏഴു മുതൽ മാർച്ച് എട്ടുവരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് അടുത്ത വർഷത്തെ ലോകകപ്പ് നടക്കേണ്ടത്. ഏഴിന് യുഎസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഫെബ്രുവരി 15ന് കൊളംബോയില്‍ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം നടക്കും. ജനുവരി 21 ന് നാഗ്പൂരിലാണ് ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. പരമ്പരയിലെ അഞ്ചാം പോരാട്ടം ജനുവരി 31ന് തിരുവനന്തപുരത്തു നടക്കും. 

ട്വന്റി20യിലെ നിലവിലെ ലോക ചാംപ്യൻമാരാണ് ഇന്ത്യ. 2024 ജൂണ്‍ 29ന് ബ്രിജ്ടൗണിൽ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചാണ് ഇന്ത്യ ട്വന്റി20യിലെ രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്. ഏഴു റൺസിനായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ വിജയം. ട്വന്റി20 ലോകകപ്പിൽ ഇതുവരെ ഒരു ടീമും തുടർച്ചയായി രണ്ടു കിരീടങ്ങൾ നേടിയിട്ടില്ല.

ബിസിസിഐ പ്രതിനിധികളുടെ യോഗത്തിനു ശേഷമാണ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ബിസിസിഐ ആസ്ഥാനത്ത് എത്താൻ വൈകിയതോടെ വാർത്താ സമ്മേളനം അരമണിക്കൂറോളം വൈകിയാണ് തുടങ്ങിയത്.