“ഇവനാണ് ഹീറോ” പെരിയാറിൽ മുങ്ങിയ രണ്ടര വയസുകാരന് രക്ഷകനായി 17കാരൻ

0
8

എറണാകുളം: പെരിയാറിൽ മുങ്ങിത്താഴ്ന്ന രണ്ടര വയസ്സുള്ള കുട്ടിക്ക് രക്ഷകനായി 17കാരൻ. പെരുമ്പാവൂർ ചേലാമറ്റം സ്വദേശി അപ്പു എന്ന് വിളിക്കുന്ന അനശ്വർ ആണ് കുഞ്ഞിനെ രക്ഷിച്ചത്. സമീപത്തെ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് പുഴയിൽ വീണത്.

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി അപ്പുവാണ് ചേലാമറ്റത്തുകാരുടെ ഹീറോ. തിങ്കളാഴ്ച വൈകീട്ട് ചേലാമറ്റം ക്ഷേത്രക്കടവിൽ അപ്പുവും അമ്മ സിന്ധുവും കുളിക്കാൻ എത്തിയപ്പോഴാണ് പുഴയിലൂടെ എന്തോ മുങ്ങിപ്പൊങ്ങുന്നത് കണ്ടത്. കുഞ്ഞാണെന്നു മനസ്സിലായതോടെ അപ്പു ഉടനെ പുഴയിലേക്ക് എടുത്തു ചാടി.

മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന രണ്ടര വയസ്സുകാരനെയും എടുത്ത് കരയിൽ എത്തി. തോളത്തിട്ട് തട്ടിയതോടെ കുട്ടി കുടിച്ച വെള്ളം ഛർദ്ദിച്ചു. അപ്പുവിന്റെ അമ്മ സിന്ധുവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കുഞ്ഞിനെ തിരിച്ചറിഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തിട്ടുണ്ട്. മുങ്ങിത്താഴുന്നത് കുഞ്ഞാണെന്ന് മനസ്സിലായതോടെ പിന്നെ ഒന്നും ആലോചിച്ചില്ലെന്ന് അനശ്വർ പറയുന്നു.

ഈ പുഴയും ഇവിടുത്തെ നീരൊഴുക്കും അപ്പുവിന് കുഞ്ഞു പ്രായം മുതലേ പരിചയമാണ്. അമ്മക്ക് മുങ്ങി കുളിക്കണം എന്ന് ആഗ്രഹം പറഞ്ഞപ്പോൾ കൂട്ട് വന്നതാണ് അപ്പു. കുട്ടിയെ രക്ഷപ്പെടുത്തുമ്പോൾ കടവിൽ ഒരു പന്ത് കിടപ്പുണ്ടായിരുന്നു എന്ന് അപ്പു പറഞ്ഞു. കളിക്കുന്നതിനിടെ കാലിൽ വഴുതി കുട്ടി പുഴയിൽ വീണതാകാം എന്നാണ് കരുതുന്നത്.

പുഴയുടെ ഏറ്റവും ആഴമുള്ള ഭാഗത്താണ് അപകടം ഉണ്ടായത്. ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് അനശ്വർ. ഈ കൊച്ചുമിടുക്കന് ഇപ്പോൾ നാട്ടുകാരുടെ അഭിനന്ദന പ്രവാഹമാണ് .