മസ്കിന്റെ സമ്പത്ത് 600 ബില്യൻ കടന്നു; രണ്ടാമനേക്കാൾ ഇരട്ടിയിലേറെ

0
5

ഒറ്റദിവസം ആസ്തിയിൽ 15.19 ലക്ഷം കോടി രൂപയുടെ വളർച്ച. ലോകത്തെ ഏറ്റവും സമ്പന്നൻ ഇലോൺ മസ്ക് എതിരാളികൾ പോലുമില്ലാതെ കുതിച്ചുപായുകയാണ്. ഇന്നലെ ഒറ്റദിവസം മസ്കിന്റെ ആസ്തിയിലുണ്ടായ വർധനയാണ് ഈ 15.19 ലക്ഷം കോടി അഥവാ 167 ബില്യൻ ഡോളർ. ആകെ ആസ്തി 638 ബില്യനിലുമെത്തി (58 ലക്ഷം കോടി രൂപ). 

ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. രണ്ടാമനായ ലാറിയുടെ ആസ്തി 265 ബില്യനേയുള്ളൂ (24.11 ലക്ഷം കോടി രൂപ). മസ്കിനേക്കാൾ 373 ബില്യൻ ഡോളർ കുറവ്. മസ്കിനെ പിന്തള്ളാൻ അടുത്തെങ്ങും ആർക്കുമാകില്ലെന്ന് ഈ കണക്ക് അടിവരയിടുന്നു. 

മറ്റൊരു കൗതുകം ഇന്ത്യക്കാരിൽ ഒന്നാമൻ 18-ാം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. 106 ബില്യൻ ഡോളറാണ് മുകേഷിന്റെ ആസ്തി (9.64 ലക്ഷം കോടി രൂപ). മുകേഷ് അംബാനിയുടെ ആകെ സ്വത്തിനേക്കാൾ കൂടുതലാണ് ഇന്നലെ ഒറ്റദിവസം മസ്കിന്റെ ആസ്തിയിലുണ്ടായ വളർച്ച.

ഇന്ത്യക്കാരിൽ ആകെ ആസ്തിയിൽ രണ്ടാമൻ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് (85.2 ബില്യൻ). ഏകദേശം 7.75 ലക്ഷം കോടി രൂപ. ടെസ്‍ല, സ്പേസ്എക്സ്, എക്സ് എന്നിവയുടെ മേധാവിയായ മക്സിന്റെ ആസ്തിയിൽ പൊടുന്നേയുള്ള കുതിപ്പിന് കാരണം സ്പേസ്എക്സിന്റെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നീക്കമാണ്. ഐപിഒ വാർത്തകളെ തുടർന്ന് സ്പേസ്എക്സിന്റെ മൂല്യം കഴിഞ്ഞ ജൂലൈയിലെ 400 ബില്യനിൽ നിന്ന് ഇപ്പോൾ 800 ബില്യനിലേക്ക് മുന്നേറി. ഇതു മസ്കിനും നേട്ടമായി. ഈ മൂല്യം (വാല്യൂവേഷൻ) പരിഗണിച്ചാൽ ഓപ്പൺഎഐയെ (500 ബില്യൻ) പിന്തള്ളി ലോകത്തെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനിയാകും സ്പേസ്എക്സ്.

ആദ്യമായാണ് ലോകത്ത് ഒരാളുടെ ആസ്തി 600 ബില്യൻ കടന്നതും. ആദ്യമായി 200 ബില്യൻ മുതൽ മേലോട്ട് ഭേദിച്ചതും മസ്കാണ്. മറ്റാരും ഇതുവരെ 400-500 ബില്യനു മുകളിലേക്ക് പോയിട്ടുമില്ല. സ്പേസ്എക്സിൽ മാത്രം മസ്കിന് 317 ബില്യൻ മതിക്കുന്ന 42% ഓഹരി പങ്കാളിത്തമുണ്ട്. ഇന്നലെ ടെസ്‍ല ഓഹരികൾ 3.1% മുന്നേറി സർവകാല ഉയരമായ 498.88 ഡോളറിൽ എത്തിയതും മസ്കിന് ഇരട്ടി മധുരമായി.

ഇന്ത്യക്കാരിൽ സമ്പത്തിൽ രണ്ടാമനാണെങ്കിലും കഴിഞ്ഞ ഒരുവർഷത്തെ ആസ്തി വർധന പരിഗണിച്ചാൽ ഗൗതം അദാനി മൂന്നാംസ്ഥാനത്താണ്. മുകേഷ് അംബാനി തന്നെയാണ് ആസ്തിയിൽ 15.3 ബില്യൻ ഡോളറിന്റെ വളർച്ചയുമായി ഒന്നാംസ്ഥാനതത്. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിവില ഈ വർഷം ഇതുവരെ 27% ഉയർന്നത് അദ്ദേഹത്തിന് നേട്ടമായി.

ഗൗതം അദാനിയുടെ ആസ്തി വർധിച്ചത് 6.52 ബില്യൻ മാത്രം. അദാനി ഗ്രൂപ്പ് കമ്പനികളിൽ അദാനി പവർ, അദാനി എനർജി സൊല്യൂഷൻസ്, അദാനി പോർ്ട്സ് എന്നിവ 23-36% ഓഹരിവില വളർച്ച ഈ വർഷം നേടി. എസിസി, എഡബ്ല്യുഎൽ അഗ്രി ബിസിനസ്, അദാനി ടോട്ടൽ ഗ്യാസ്, എൻഡിടിവി എന്നിവ പക്ഷേ 13-35% താഴേക്കുപോയി.

സമ്പത്ത് വളർച്ചയിൽ രണ്ടാമൻ ആഴ്സലർ-മിത്തൽ മേധാവി ലക്ഷ്മി മിത്തലാണ്. 11.7 ബില്യൻ ഡോളർ വർധനയുമായി ആകെ 31.40 ബില്യനാണ് മിത്തലിന്റെ ആസ്തി.